മദ്യവരുമാനം: കോടതി നിര്‍ദേശം നടപ്പാക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി| WEBDUNIA|
മദ്യത്തില്‍ നിന്നുള്ള വരുമാനം ചെലവിടുന്നത് സംബന്ധിച്ച് കൊട്ടാരക്കര കുടുംബ കോടതി മുന്നോട്ടുവച്ച നിര്‍ദേശം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ബജറ്റില്‍ ഇകാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

മദ്യ ഉപഭോഗത്തിന്‍റെ ഇരകളാകുന്ന കുടുംബങ്ങളെ സഹായിക്കാനായി മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം നീക്കിവയ്ക്കണമെന്നായിരുന്നു കുടുംബ കോടതി നിര്‍ദേശിച്ചിരുന്നത്. മദ്യപാനിയായ ഭര്‍ത്താവിനെതിരെ സതി എന്ന സ്ത്രീ നല്‍കിയ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കവെയാണ് ജഡ്ജി ചെറിയാന്‍ കുര്യാക്കോസ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.

അടുത്തിടെ കുടുംബ കോടതിയില്‍ എത്തിയ കേസുകളില്‍ മൂന്നിലൊന്നും മദ്യ ഉപഭോഗത്തിന്‍റെ ഇരകളായിട്ടുള്ള കുടുംബങ്ങളുടെ ദയനീയ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് ചെറിയാന്‍ കുര്യാക്കോസ് വ്യക്തമാക്കി. അതേസമയം മറുവശത്ത് കേരള ബീവറേജസ് കോര്‍പറേഷന്‍ റെക്കോര്‍ഡ് വരുമാനമാണ് നേടിക്കൊണ്ടിരിക്കുന്നത്. 8.5 ലിറ്ററാണ് കേരളത്തിലെ ആളോഹരി മദ്യപാനമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ അനുച്ഛേദം 47 പ്രകാരം മദ്യപാനം കുറച്ചുകൊണ്ടുവരികയും ക്രമേണ മദ്യ നിരോധനം നടപ്പിലാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. എന്നാല്‍ മദ്യ വില്‍‌പ്പനയിലൂടെയും ഉപഭോഗത്തിലൂടെയും കേരള സമ്പന്നമാകുകയും ഇവിടത്തെ ജനങ്ങള്‍ ദരിദ്രരാകുകയും ചെയ്യുകയാണെന്നും ജസ്റ്റിസ് ചെറിയാന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. മദ്യ ദുരന്തത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ആല്‍‌ക്കഹോളിസത്തിന് ഇരകളാകുന്നവര്‍ക്ക് സഹായം നല്‍കാനാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മദ്യ ഉപഭോഗത്തില്‍ ഇത്രയധികം വര്‍ദ്ധനയുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ നടപടിയെടുക്കാത്തത് അല്‍ഭുതപ്പെടുത്തെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. അനുച്ഛേദം 47 പാലിക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണം. ഇത് നടപ്പാക്കാന്‍ സംസ്ഥാനം പരാജയപ്പെടുകയാണെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :