മദനിയുടെ ടെലിവിഷന്‍ ചാനല്‍ വരുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
മലയാള ദൃശ്യമാദ്ധ്യമ രംഗത്തേക്ക് ഒരു പുതിയ ചാനല്‍ കൂടി. പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മദനിയാണ് പുതിയ ചാനലിനും പത്രത്തിനുമായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരമായിരിക്കും ചാനലിന്‍റെ ആസ്ഥാനം. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചാവും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക.

ചാനല്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുമുണ്ടാവും. ഇത് പിന്നീട് ദിനപത്രമാക്കി മാറ്റും. മുസ്‌ലിം ചാനല്‍ അല്ല ലക്ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുക മാത്രമാണു ലക്ഷ്യമെന്നുമാണ്‌ ബന്ധപ്പെട്ട കേന്ദ്രളുടെ വിശദീകരണം.

കമ്പനിയില്‍ മദനിക്ക് നേരിട്ട് പങ്കാളിത്തമുണ്ടാവില്ലെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ സജീവ പിഡിപി പ്രവര്‍ത്തകരേയോ നേതാക്കളേയോ ഉള്‍പ്പെടുത്തിയിട്ടുമില്ല.

മദനിയെയും ഭാര്യ സൂഫിയ മഅദനിയെയും മാദ്ധ്യമങ്ങള്‍ വേട്ടയാടിയപ്പോഴാണ്‌ സ്വന്തമായി ഒരു ചാനല്‍ എന്ന ആശയം രൂപപ്പെട്ടത്‌. മുസ്‌ലിം റിവ്യൂ എന്ന പേരിലും പിന്നീട്‌ നാഷണല്‍ റിവ്യൂ എന്ന പേരിലും പിഡിപി നേരിട്ട്‌ മാസിക നടത്തിയിരുന്നു. മുസ്‌ലിം ലീഗ്‌ , സുന്നികളില്‍ ഒരു വിഭാഗം, വെള്ളാപ്പള്ളി നടേശന്‍, കേരള കൗമുദി, മാതൃഭൂമി തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചാനലുകളുടെ പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലാണ്‌. അതിനിടയിലാണ്‌ മദനിയുടെ രംഗപ്രവേശം. കെ മുരളീധരന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ജനപ്രിയ ചാനലിന്റെ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :