കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 23 ജൂണ്‍ 2010 (18:03 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ നസീറിന്റെ കുറ്റസമ്മത മൊഴി. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് നസീറിന്റെ കുറ്റസമ്മത മൊഴിയുടെ രേഖകള്‍ പുറത്തുവിട്ടത്. നസീര്‍ ബാംഗ്ലൂര്‍ പൊലീസിന് നല്കിയ കുറ്റസമ്മതമൊഴിയുടെ പകര്‍പ്പ് ആണ് ലഭിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കൊല്ലം അന്‍വാര്‍ശേരിയില്‍ ചെന്നാണ് മദനിയെ കണ്ടത്. സ്ഫോടനം സംബന്ധിച്ച് മദനി ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. വി ഐ പി മേഖലയില്‍ വേണം സ്ഫോടനം നടത്താന്‍. ആളുകള്‍ തിങ്ങിനിറഞ്ഞ മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഫോടനം നടത്തരുത് തുടങ്ങിയവയായിരുന്നു ഉപദേശങ്ങള്‍.
കോയമ്പത്തൂരിലേത് പോലെ എല്ലാവരും ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ ചെറിയ സംഘങ്ങളായി വേണം പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമെന്നും മദനി ഉപദേശിച്ചിരുന്നു. ചെറിയ സംഘങ്ങളായി നടപ്പാക്കിയാല്‍ വാര്‍ത്ത ചോരുന്നത് ഒഴിവാക്കാനാകും. ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയതിനു ശേഷം പലവട്ടം താന്‍ മദനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. എന്നാല്‍ പിന്നീട്, വീണ്ടും അന്‍വാര്‍ശേരിയില്‍ എത്തി മദനിയെ കണ്ടു.
ഇന്ന് ഉച്ചയോടെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നസീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് പറഞ്ഞത്. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും സത്യമെന്തെന്ന് അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറകണമെന്നും നസീര്‍ പറഞ്ഞിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നസീറിനെ കാണാനെത്തിയ ഭാര്യയും സമാനമായ മൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. മദനിക്കെതിരെ നസീര്‍ മൊഴി നല്‍കിയിട്ടില്ലെന്നും മദനിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ കേസ് ചമയ്ക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.