മദനി മകള്‍ ഷമീറയുടെ വിവാഹപ്പന്തലിലേക്ക് എത്തി

കൊല്ലം| WEBDUNIA|
PRO
ഇടക്കാല ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. വലിയതോതിലുള്ള ആരവം മുഴക്കി വൈകാരികമായ വരവേല്‍പ്പാണ് മദനിക്ക് ജന്മനാട് നല്‍കിയത്.

കൊട്ടിയത്ത് വിവാഹചടങ്ങ് നടക്കുന്ന സുമയ്യ ഓഡിറ്റ്റോറിയത്തില്‍ വന്‍‌ജനക്കൂട്ടമാണ് തിങ്ങിക്കൂടിയിരിക്കുന്നത്. കനത്ത സുരക്ഷയാ‍ണ് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്.

മദനിക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ദക്ഷിണമേഖലാ എഡിജിപി ഹേമചന്ദ്രനെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി രണ്ടര വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്.

തിങ്കളാഴ്ച്ച അന്‍വാശേരിയില്‍ എത്തി പിതാവിനേയും കാണും. ബുധനാഴ്ച്ച ബംഗളൂരിലേക്ക് മടങ്ങും. രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മദനിയെ ആംബുലന്‍സില്‍ കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.


ദനിയുടെ രണ്ട് മക്കളും അഭിഭാഷകനും ജസ്റ്റിസ് ഫോര്‍ മദനി പ്രവര്‍ത്തകരും മദനിക്കൊപ്പമുണ്ട്. മദനിയെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് പിഡിപി പ്രവര്‍ത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നത്. നേതാക്കളായ പൂന്തുറ സിറാജ്, വര്‍ക്കല രാജ് തുടങ്ങിയവര്‍ സ്വികരിക്കാനെത്തി.

കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ കാണാന്‍ അനുവാദമില്ല. അടുത്ത ബന്ധുക്കളെ മാത്രം കാണാനേ അനുവാദമുള്ളൂ.

കര്‍ണാടക പോലീസിന്റെ അശ്രദ്ധയാലാണ് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട മദനിയുടെ യാത്ര വൈകീട്ടേക്ക് നീണ്ടത്.സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ആയുധം കൊണ്ടുവരുന്നതിനുള്ള ആം സര്‍ട്ടിഫിക്കറ്റ്, പ്രിസണര്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ നല്‍കാത്തതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് ലഭിച്ചില്ല. ഇതാണ് വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്നത്.


കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പേജുകളില്‍-


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :