വിവാദ പ്രസംഗം നടത്തിയ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ തിരുത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. മണി നടത്തിയ പ്രസംഗം തെറ്റായിപ്പോയെന്ന് പിണറായി പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം. പാര്‍ട്ടി നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്. ശത്രുക്കള്‍ ഇതിനെ ആയുധമാക്കി പാര്‍ട്ടിക്കെതിരേ ഉപയോഗിച്ചു. പാര്‍ട്ടിയെ ശത്രുക്കള്‍ കൊത്തിക്കീറുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്- പിണറായി പറഞ്ഞു.
സിപിഎം അക്രമങ്ങളെ നേരിട്ടതു ജനങ്ങളെ അണിനിരത്തിയാണ്. ഇതിലൂടെയാണു പാര്‍ട്ടി വളര്‍ന്നത്. അക്രമങ്ങള്‍ക്കു മുന്നില്‍ തളരാത്ത പാര്‍ട്ടിയാണു സിപിഎം. കൊലപാതകത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി പിഎമ്മിന് ശീലമുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം മണി പറഞ്ഞത്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഇനിയും കൊല്ലും. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നതെന്നും മണി പറഞ്ഞിരുന്നു.