മംഗളം ആക്രമിച്ചത് പൊലീസിന്‍റെ മൌനാനുവാദത്താല്‍

പത്തനം‌തിട്ട| WEBDUNIA| Last Modified ശനി, 14 ഫെബ്രുവരി 2009 (17:03 IST)
മംഗളം ദിനപ്പത്രത്തിന്‍റെ പാലക്കാട് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പൊലീസിന്‍റെ മൌനാനുവാദമുണ്ടെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി ആരോപിച്ചു. ചെങ്ങറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളത്തിന് നേര്‍ക്കുണ്ടായ ആക്രമണം കിരാതമാണെന്ന്‌ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

മംഗളം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടായാല്‍ അന്വേഷണം ഉണ്ടാവുമെന്ന്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനും അറിയിച്ചു. എന്നാല്‍ മംഗളം ഓഫീസ് ആക്രമിച്ച് സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്.

അതേ സമയം, മംഗളം സംഭവത്തില്‍ പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ മാര്‍ച്ച് എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ മാര്‍ച്ചിനിടയിലേക്ക് തള്ളിക്കയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്. മാധ്യമപ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മംഗളം ദിനപ്പത്രത്തിന്‍റെ പാലക്കാട്‌ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ഒരു സംഘം അക്രമികള്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. അമ്പതോളം പേര്‍ അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

സ്കാനിങ്‌ മെഷീനുകളും കംപ്യൂട്ടറുകളും മംഗളം ഡയഗ്‌നോസ്റ്റിക്‌ സെന്‍ററിന്‍റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. ഓഫീസിന്‍റെ മുറ്റത്തു കിടന്ന ആംബുലന്‍സിന് നേര്‍ക്കും അക്രമമുണ്ടായി. ഓഫീസിന് പുറത്തെ ബോര്‍ഡുകളും നശിപ്പിച്ചു.

സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. സി പി എമ്മിനെതിരെ വാര്‍ത്ത എഴുതിയെന്ന പേരില്‍ മംഗളം ലേഖകനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :