ബിരിയാണിക്ക് 165 രൂപ, ഹോട്ടലടച്ചുപൂട്ടി!

നീലേശ്വരം| WEBDUNIA|
PRO
PRO
നഗരത്തില്‍ ഉദിച്ചുയര്‍ന്ന് നില്‍‌ക്കുന്ന ഹോട്ടല്‍ കണ്ട് വിശപ്പടക്കാന്‍ കയറിയതായിരുന്നു ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍. ഭക്ഷണം കഴിച്ച് കൈയും കഴുകി വന്ന് ബില്‍ തുറന്ന് നോക്കിയ അവര്‍ക്ക് ഞെട്ടലുണ്ടായി. കേരളം കണ്ടിട്ടില്ലാത്ത വിലയാണ് ഓരോ ഇനത്തിനും ഇട്ടിരിക്കുന്നത്. തെറ്റിയതായിരിക്കും എന്ന് കരുതി അവര്‍ സപ്ലയറെ വിളിച്ച് വിവരം തിരക്കി. എന്നാല്‍ ‘ഈ ഹോട്ടലില്‍ ഇങ്ങിനെയൊക്കെ തന്നെയാണ് വില’ എന്നായിരുന്നു മറുപടി.

മുട്ടക്കറിക്ക് 40 രൂപയും ബിരിയാണിക്ക് 165 രൂപയും സാദാ ഊണിന് 70 രൂപയുമൊന്നും വന്‍ നഗരങ്ങളില്‍ പോലും ഈടാക്കുന്നില്ലെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചവര്‍ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഹോട്ടലിലേക്ക് ഇരച്ചുകയറി. ഹോട്ടല്‍ അധികൃതരും നാട്ടുകാരും തമ്മില്‍ വലിയ വാക്കേറ്റം ഉണ്ടായതോടെ ഉന്നതങ്ങളിലേക്ക് ഫോണ്‍ പോയി. സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാന്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ നീലേശ്വരം എസ്‌ഐ വിനീഷ് ഉടന്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ‘വന്ദനം’ എന്ന ഹോട്ടലാണ് എസ്‌എഇയുടെ നിര്‍‌ദേശത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്നത്.

ഹോട്ടലുകളില്‍ വിലക്കയറ്റം ഇല്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഇങ്ങിനെയൊരു കൌതുകസംഭവം നടന്നിരിക്കുന്നത്. ഹോട്ടലുകളില്‍ വിലക്കയറ്റം ഉണ്ടെങ്കില്‍ എങ്ങിനെയാണ് ഇത്രയധികം പേര്‍ ഹോട്ടലുകളില്‍ ഭക്ഷനം കഴിക്കാന്‍ എത്തുന്നത് എന്ന് ഒരു മന്ത്രി ഈയിടക്ക് ചോദിച്ചിരിക്കുന്നു. കീശയ്ക്ക് താങ്ങാനാകുന്നതാണ് ഹോട്ടലിലെ വിലനിലവാരമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിലെ ചിലരുടെ കീശയ്ക്ക് താങ്ങാനാവാത്ത വിലനിലവാരമുള്ള ഹോട്ടലുകളും കേരളത്തില്‍ ഉണ്ടെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.

കേരളത്തിലെ പല നഗരങ്ങളിലെയും വലിയ ഹോട്ടലുകളില്‍ കഴുത്തറുക്കുന്ന വിലയാണ് ഈടാക്കുന്നതെന്ന് രഹസ്യമായ പരസ്യമാണ്. ഏകീകരിച്ച നിരക്കിലല്ല ഓരോ ഹോട്ടലും വിലയീടാക്കുന്നത്. ഹോട്ടലിലെ ഭക്ഷണവിഭവങ്ങളുടെ ഏകീകരിക്കാനും കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകള്‍ക്ക് മൂക്കുകയറിടാനും സര്‍ക്കാര്‍ മുന്നോട്ട് വരേന്റ സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :