ബസ്ചാര്‍ജ് നിയമവിധേയമായി ഉയര്‍ത്താം

കൊച്ചി| WEBDUNIA|
PRO
സംസ്ഥാനത്തെ ബസ് യാത്രാക്കൂലി നിയമവിധേയമായി ഉയര്‍ത്താമെന്ന് ഹൈക്കോടതി. ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ അഭിപ്രായം.

ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് പഠിച്ച നാറ്റ്പാക് കമ്മറ്റി റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ് ആര്‍ ബെന്നൂര്‍മഠ്, ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ചാര്‍ജ് ഉയര്‍ത്താവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ പരോക്ഷമായി ശുപാര്‍ശ ചെയ്തുകൊണ്ടാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അടുത്തിടെയുണ്ടായ ബസ് സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയതും നാറ്റ്പാക് റിപ്പോര്‍ട്ടിനെ മറയാക്കിയാണ്. സ്വകാര്യ ബസുകളുടെയും ഓട്ടോ, ടാക്സി തുടങ്ങിയവയുടെയും പ്രവര്‍ത്തനച്ചെലവുകള്‍ സംബന്ധിച്ചാണ് നാറ്റ്പാക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2008 ജൂലൈയില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അടിസ്ഥാനമാക്കിയ പ്രൈസ് ഇന്‍ഡക്സിനെക്കാള്‍ സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനച്ചെലവ് 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :