സിപിഎം പ്ലീനവേദിയില്‍ വിഎസ് അച്യുതാനന്ദന് രൂക്ഷവിമര്‍ശനം. ലാവ്ലിന്, ടിപി കേസുകളില്‍ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നു. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. രാവിലെ 9.30 മുതല്‍ 11.30 വരെ നടന്ന ആദ്യ സെഷനിലെ ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഓരോ ജില്ലയില്‍ നിന്നും ഓരോ പ്രതിനിധിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ സംസാരിച്ച എല്ലാവരും വിഎസിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
രാത്രി എട്ട് മണി വരെ നീണ്ടുനില്‍ക്കുന്ന എഴ് മണിക്കൂര്‍ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടക്കുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സെക്രട്ടറിയേറ്റില്‍ നിന്നടക്കം വാര്‍ത്ത ചോരുന്നതില്‍ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. പാര്‍ലമെന്ററി അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം വേണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
പാര്‍ട്ടി അംഗങ്ങളില്‍ അപചയം സംഭവിച്ചിട്ടുണ്ടെന്ന് പ്ലീനത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ്, ബ്ളേഡ് മാഫിയകളുമായി ബന്ധമുണ്ട്. കൂടാതെ മദ്യപാനം തെറ്റല്ലെന്ന ധാരണയാണ് അംഗങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇത്തരക്കാര്‍ തിരുത്തണമെന്നും ഇല്ലെങ്കില്‍ അംഗത്വം പുതുക്കി നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.