പ്രസിഡന്‍റാവാനില്ല - രാമന്‍‌നായര്‍

കൊച്ചി| WEBDUNIA|
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് ജി. രാമന്‍‌നായരില്‍ നിന്നും തെളിവെടുപ്പ് പൂര്‍ത്തിയായി. താനിനി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകാനില്ലെന്ന് കരഞ്ഞുകൊണ്ട് രാമന്‍‌നായര്‍ കമ്മിഷന്‍ മുമ്പാകെ അറിയിച്ചു.

രാമന്‍ നായരില്‍ നിന്നും വിശദമായ തെളിവെടുപ്പാണ് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍ നടത്തിയത്. രാമന്‍‌നായരെ ഒമ്പത് ദിവസം കമ്മിഷന്‍ വിസ്തരിച്ചു. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളിലെ അഴിമതിയെപ്പറ്റിയാണ് അവസാന ദിവസം തെളിവെടുത്തത്. നാല്‍പ്പത് ലക്ഷം രൂ‍പ ചെലവാക്കി ജെ.സി.ബി വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചത് എന്തിനാണെന്ന് കമ്മിഷന്‍ രാമന്‍‌നായരോട് ചോദിച്ചു.

പമ്പ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജെ.സി.ബി വാങ്ങിയതെന്നായിരുന്നു മറുപടി. കരാറുകാര്‍ക്ക് വേണ്ടിയാണ് ജെ.സി.ബി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഈ മറുപടിയില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി. ശബരിമല ഗസ്റ്റ് ഹൌസിനോട് ചേര്‍ന്ന് ഭക്ഷണ ശാല തുടങ്ങിയതിനെപ്പറ്റിയും വിമര്‍ശനമുയര്‍ന്നു.

തീര്‍ത്ഥടന കേന്ദ്രമായ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് രാമന്‍‌നായരുടെ കാലത്ത് ശ്രമം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാവാന്‍ ഇനിയൊരു അവസരം കൂടിയുണ്ടായാല്‍ എന്തായിരിക്കും തീരുമാനമെന്നും കമ്മിഷന്‍ ആരാഞ്ഞു.

പ്രസിഡന്‍റാവാന്‍ ഇനിയൊരിക്കലും ആഗ്രഹിക്കില്ലെന്ന് കരഞ്ഞ്‌കൊണ്ട് രാമന്‍‌നായര്‍ ഇതിന് മറുപടി പറഞ്ഞത്. ഓരോ ദിവസവും തെളിവെടുത്തപ്പോഴും ദേവസ്വം ബോര്‍ഡിനെതിരെ പല വിലയിരുത്തലുകളും കമ്മിഷന്‍ നടത്തി. ജി.രാമന്‍‌നായരുടെ മറുപടിയില്‍ കമ്മിഷന്‍ പലതവണ അതൃപ്തി രേഖപ്പെടുത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മുന്‍ അംഗങ്ങളായ പുനലൂര്‍ മധു, എം.ബി ശ്രീകുമാര്‍ എന്നിവരില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ കമ്മിഷന്‍ തെളിവെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :