പ്രതിപക്ഷ സമരം അടിച്ചമര്‍ത്താന്‍ പൊലീസ് പ്രയോഗിച്ചത് 178 ഗ്രനേഡുകള്‍!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു സംഘടനകള്‍ നടത്തിയ പ്രക്ഷോഭ പരിപാടികളെ നേരിടാന്‍ പൊലീസ് ചൊവ്വാഴ്ച മാത്രം ഉപയോഗിച്ചത് 178 ഗ്രനേഡുകള്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴികൊടുത്ത ശ്രീധരന്‍ നായരുമായുള്ള അഭിമുഖം ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷ സമരം രൂക്ഷമായത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നിയമസഭാ പരിസരത്തും തിരുവനന്തപുരം നഗരത്തിലും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ് നിയമസഭയ്ക്ക് ഉള്ളിലേക്ക് കടത്തിവിട്ടത്. എംഎല്‍എമാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലും സെക്രട്ടേറിയേറ്റിന് മുന്നിലും നിരവധി തവണ പോലീസ് ലാത്തി വീശുകയും സമരക്കാര്‍ക്കുനേരെ ജലപീരങ്കി - കണ്ണീര്‍വാതക പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. മണിക്കൂറുകളോളം നഗരത്തെ സ്തംഭിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സെക്രട്ടേറിയേറ്റിനുള്ളിലേക്ക് ചാടിക്കടന്നുള്ള സമരമുറയും ഡിവൈഎഫ്ഐ പുറത്തിറക്കി. സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് പോലീസുകാരെ കബളിപ്പിച്ച് ചാടിക്കയറിയ 12 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ഇടതുയുവജന സംഘടനാ മാര്‍ച്ച് വിഎസ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലേക്കും പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാല് തവണയാണ് എംഎല്‍എമാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചത്. തുടര്‍ന്ന് വിഎസ് അടക്കമുള്ള ഇടതു നേതാക്കള്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നു. എംഎല്‍എമാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നിയമസഭാ മാര്‍ച്ചിനിടെയാണ് പോലീസ് ഏറ്റവും കൂടുതല്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചത്. പോലീസിനു നെരെ കല്ലേറ് രൂക്ഷമായപ്പോള്‍ പലതവണ ഗ്രനേഡ് പ്രയോഗിച്ചു. പലപ്പോഴും ജലപീരങ്കി പ്രയോഗിക്കാതെയാണ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതകപ്രയോഗം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :