പോള്‍ വധം: അന്വേഷണം സിബിഐയ്‌ക്ക്

കൊച്ചി| WEBDUNIA|
PRO
PRO
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസ് അന്വേഷണം സി ബി ഐയ്‌ക്ക്. പോളിന്‍റെ പിതാവ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും സി ബി ഐയ്‌ക്ക് നല്കാനും കോടതി നിര്‍ദ്ദേശിച്ചു.

ചീഫ്‌ ജസ്റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വിധി പ്രസ്താവിച്ചത്‌. പോള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്ന സമയത്ത് ഐജി വിന്‍സന്‍റ് എം പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ കോടതി ഇന്നു വീണ്ടും പരാമര്‍ശിച്ചു.

കൊല്ലപ്പെട്ട പോളിന്‍റെ പിതാവ് ജോര്‍ജ് മുത്തൂറ്റ് ആണ് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വധക്കേസില്‍ ക്രൈബ്രാഞ്ച് 25 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നെങ്കിലും യഥാര്‍ത്ഥ പ്രതികളെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ആയിരുന്നു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ കോടതിക്ക് അതൃപ്‌തിയുണ്ടെങ്കില്‍ ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചാലും കുഴപ്പമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 2009 ആഗസ്ത് 21ന് അര്‍ദ്ധരാത്രിക്കാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്ഷനില്‍ വെച്ച് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഐ ജി വിന്‍സന്‍റ് എം പോള്‍ നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാനത്ത് വിവാദമായിരുന്നു. പോളിനെ കൊലയാളി കുത്തിയത് ‘എസ്’ ആകൃതിയിലുള്ള കത്തികൊണ്ടാണെന്ന് ഐജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും ‘എസ്’ ആകൃതിയുള്ള കത്തിയായതിനാല്‍ കുത്തിയത് ആര്‍ എസ് എസ്കാരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചതും സംസ്ഥാന രാഷ്‌ട്രീയത്തില്‍ വിവാദമേളയ്‌ക്കായിരുന്നു വഴിമരുന്നിട്ടത്.

കേസുമായി ബന്ധപ്പെട്ട് പോളിനെ കുത്തിയ ആള്‍ എന്ന ആരോപണവുമായി കാരി സതീശനെ പൊലീസ് കുത്തിയ കത്തി സഹിതം വീട്ടില്‍ നിന്ന് അറസ്‌റ്റു ചെയ്‌തു. എന്നാല്‍ ഈ കത്തി പൊലീസ് വീട്ടില്‍ കൊണ്ടുവന്ന് വെയ്‌ക്കുകയായിരുന്നെന്ന് കാരി സതീശന്‍റെ വീട്ടുകാര്‍ വെളിപ്പെടുത്തിയത് വീണ്ടും വിവാദമായി. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ‘എസ്’ കത്തി പൊലീസുകാര്‍ കൊല്ലനെ കൊണ്ട് പണിയിച്ചതാണെന്ന് കണ്ടെത്തിയതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു 18 കാര്യങ്ങള്‍ ഉദ്ധരിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്‍റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.

കാറില്‍ പോളിനൊപ്പമുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍മാരായ ഓംപ്രകാശ്, രാജേഷ് എന്നിവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്ന രീതിയിലായിരുന്നു ആദ്യം മുതല്‍ പോലീസ് പ്രസ്താവിച്ചിരുന്നത്. കൊലപാതകം നടന്നതിനു ശേഷം ഇവര്‍ എന്തു ചെയ്തെന്ന് സംബന്ധിച്ച് പൊലീസ് ഒന്നും വ്യക്തമാക്കുന്നില്ല. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ചുണ്ടിക്കാട്ടിയായിരുന്നു കോടതിയില്‍ പോളിന്‍റെ പിതാവ് ഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :