പോപ്പുലര്‍ ഫ്രണ്ട്: വിഎസ്സിന് പിണറായിയുടെ പിന്തുണ

കോഴിക്കോട്| WEBDUNIA| Last Modified തിങ്കള്‍, 26 ജൂലൈ 2010 (17:45 IST)
PRO
പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍റെ പിന്തുണ. കേരളത്തില്‍ മുസ്ലീം ഭൂരിപക്ഷമുണ്‌ടാക്കാനുള്ള ശ്രമമാണ്‌ പോപ്പുലര്‍ ഫ്രണ്‌ട്‌ പോലുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയാണ് പിണറായി വിജയന്‍ ശക്തമായി ന്യായീകരിച്ചത്. കോഴിക്കോട് എന്‍ ജി ഒ യൂണിയന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ എന്ന നിലയ്ക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതു കൊണ്‌ടാകാം വി എസ്‌ അത്തരത്തിലൊരു പ്രസ്താവനയ്ക്ക്‌ മുതിര്‍ന്നത്. മുസ്ലീം സമുദായത്തെ ആകെ ബാധിക്കുന്ന വാക്കുകളല്ല മുഖ്യമന്ത്രിയില്‍ നിന്നുണ്‌ടായത്‌. പോപ്പുലര്‍ ഫ്രണ്‌ടിനെ മുസ്ലീം മറയിട്ട്‌ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ മുസ്ലീം സമുദായത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നും പിണറായി ചോദിച്ചു. എസ് ഡി പി ഐ ഇപ്പോള്‍ യു ഡി എഫിന്‍റെ ഘടകകക്ഷിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ലീഗ് സഹായം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന യഥാര്‍ത്ഥ സംരക്ഷണം ലീഗിന്‍റേതാണ്. ആ സംരക്ഷണം മറച്ചു വെയ്ക്കാനാണ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വാളെടുക്കുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്.

ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്‌ട്‌ എന്ന്‌ പേരുമാറ്റിയ എന്‍ഡിഎഫിനെ വളര്‍ത്തിയത്‌ മുസ്ലീം ലീഗാണ്‌. കേരളത്തിലെ ക്യാംപസ്‌ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍പ്പോലും വര്‍ഗ്ഗീയത കുത്തിവയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ പോപ്പുലര്‍ ഫ്രണ്‌ടുകാര്‍ നടത്തുന്നത്‌. മനുഷ്യാവകാശ സംരക്ഷകരെന്ന്‌ സ്വയം പ്രഖ്യാപിയ്ക്കുന്ന ഇവര്‍ ആര്‍എസ്‌എസ്സിന്റെ പ്രവര്‍ത്തന രീതിയാണ്‌ പിന്തുടരുന്നതെന്നും പിണറായി ആരോപിച്ചു.

പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ കേരളത്തെ മുസ്ലീം രാജ്യമായി മാറ്റിക്കളയാം എന്നുവിചാരിച്ചാണ്‌ പോപ്പുലര്‍ ഫ്രണ്‌ട്‌ പോലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍ ഡല്‍ഹിയില്‍ കേരളഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞിരുന്നു. വി എസ്സിന്‍റെ പ്രസ്താവന മുസ്ലീംഗളെ അവഹേളിക്കുന്നത് ആണെന്നാരോപിച്ച്‌ കോണ്‍ഗ്രസും ലീഗും മുസ്ലീം സാമുദായിക സംഘടനകളും രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :