പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്‌| WEBDUNIA|
PRO
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ഇന്ന് വ്യാപക റെയ്ഡ് നടന്നു. കോഴിക്കോട്‌ സംസ്ഥാന കമ്മറ്റി ഓഫീസിലും വയനാട്‌, കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളിലെ ഓഫീസുകളിലുമാണ് പ്രധാനമായും റെയ്ഡ് നടന്നത്.

റെയ്ഡില്‍ സിഡികളും ലഘുലേഖകളും ബോംബുകളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഒന്നര മണിക്കൂറോളം നേരമാണ് നീണ്ടു നിന്നത്. സിറ്റി പോലീസ്‌ കമ്മീഷണര്‍ പി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്‌. റെയ്ഡില്‍ പുസ്തകങ്ങളും സിഡികളും ലഘുലേഖകളും കണ്ടെടുത്തു.

റെയ്ഡില്‍ കണ്ടെത്തിയ പുസ്തകങ്ങള്‍ മതം മാറ്റവുമായി ബന്ധപ്പെട്ടതാണെന്നാണ് ലഭ്യമാകുന്ന പ്രാഥമിക സൂചനകള്‍. സംസ്ഥാന ഓഫീസ് കൂടാതെ കോഴിക്കോട്‌ ജില്ലയിലെ 25 ഓളം സ്ഥലങ്ങളിലും പരിശോധന നടന്നു. കണ്ണൂരില്‍ പാപ്പിനിശേരി, ഇരിട്ടി, നാറാത്ത്‌, പയ്യന്നൂര്‍ എന്നിവടങ്ങളിലടക്കം 15 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. വയനാട്‌ ജില്ലയിലെ മാനന്തവാടി, കാസര്‍കോഡ്‌ ജില്ലയിലെ തൃക്കരിപ്പൂര്‍ എന്നിവടങ്ങളിലും റെയ്ഡ്‌ നടന്നു.

തളിപ്പറമ്പ്‌ മന്നയില്‍ സംഘടനാ ഓഫീസിന്‌ സമീപത്തുനിന്ന്‌ ഇരുമ്പു ദണ്ടുകള്‍ കണ്ടെടുത്തു. പയ്യന്നൂരില്‍ നിന്ന്‌ അഞ്ചോളം വാളുകളും കണ്ടെടുത്തു. കണ്ണൂരില്‍ ഇരിട്ടി പുന്നാട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസിന്‌ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ്‌ ബോംബുകള്‍ കണ്ടെത്തിയത്‌. ബക്കറ്റില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍. പത്തിലധികം ബോംബുകള്‍ ഉണ്ടെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :