പൊതുയോഗം: കോടതി സ്വഭാവിക നീതി പാലിച്ചില്ല

തിരുവനന്തപുരം| WEBDUNIA|
PRO
പൊതുനിരത്തുകളില്‍ പൊതുയോഗം പാടില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ കോടതി സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സ്വാഭാവിക നീതി പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പൊതുറോഡുകളിലും പാതയോരങ്ങളിലും പൊതുയോഗം പാടില്ല എന്ന ഹൈക്കോടതി വിധി കേരളത്തിലും ഇന്ത്യയില്‍ ആകെത്തന്നെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു മുന്നില്‍ക്കണ്ട് കൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ വിധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഒരു കോടതി വിധിപ്രസ്താവന നടത്തുന്നതിനു മുമ്പ് അവശ്യം ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ നിയമത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാചുറല്‍ ജസ്റ്റീസ് എന്നും അത് പാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കക്ഷികള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ അവസരം നല്കാതെ വിധി പ്രസ്താവന നടത്തരുത്.

ഇവിടെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി വന്നപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണ് എന്ന് ചോദിക്കാനും നിലപാട് അറിയിക്കാന്‍ അവസരം നല്കാനും കോടതിക്ക് ബാധ്യതയുണ്ട്. അതു പോലെ തന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ആരായേണ്ടതുണ്ട്. ഇവിടെ ഇതു രണ്ടും ഉണ്ടായിട്ടില്ല.

അതുകൊണ്ടാണ് സി പി ഐ എമ്മിന്‍റെയും മറ്റു ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ വിധിന്യായത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നത്. വിധിന്യായത്തിനെതിരെ ഇത്തരം കമന്‍സ് ആകാം. അതു മാത്രമേ ഇവിടെയും ഉണ്ടായിട്ടുള്ളൂ. അതിനപ്പുറം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നും അത് നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ ഭരണക്രമത്തില്‍ നിയമസഭയും ജുഡീഷ്യറിയും എക്സിജ്യുട്ടീവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങളുടെ നന്മ കണക്കാക്കി പ്രവര്‍ത്തിക്കേണ്ട ഈ മൂന്നു സ്ഥാപങ്ങളും തമ്മില്‍ നല്ല ബന്ധവും ഉണ്ടായിരിക്കേണ്ടതാണ്. ഈ സര്‍ക്കാരിന് ജുഡീഷ്യറിയോട് അങ്ങേയറ്റത്തെ ആദരവാണ്. അത് കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജുഡീഷ്യറിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിധിന്യായം മനസ്സിലാക്കിയാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള വാദം കേള്‍ക്കണ്ട എന്ന നിലയിലുള്ളതാണ് കോടതിയുടെ പരാമര്‍ശം. സ്വഭാവിക നീതി പാലിക്കാത്ത കോടതി, സര്‍ക്കാരിന് എന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :