പെരിഞ്ഞനം കൊലപാതകം; സിപി‌എം ലോക്കല്‍ സെക്രട്ടറി അടക്കം എട്ട് പേര്‍ അറസ്റ്റില്‍

കയ്പമംഗലം| WEBDUNIA| Last Modified ഞായര്‍, 16 മാര്‍ച്ച് 2014 (10:51 IST)
PRO
പെരിഞ്ഞനത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ കൊലയാളിസംഘത്തിന് ആളുമാറുകയായിരുന്നു.

മാര്‍ച്ച് രണ്ടിനുണ്ടായ സംഭവത്തില്‍ കാട്ടൂര്‍ സ്വദേശിയും പെരിഞ്ഞനത്ത് താമസക്കാരനുമായ തളിയപ്പാടത്ത് നവാസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഎം പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറിയും ചക്കരപ്പാടം സ്വദേശിയുമായ നെല്ലിപ്പറമ്പത്ത് എന്‍.കെ. രാമദാസ് (41), പുതുക്കാട് കല്ലൂര്‍ പ്രദേശത്തെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ചെറുവാള്‍ക്കാരന്‍വീട്ടില്‍ റിന്റോ (32), അറയ്ക്കല്‍ സലേഷ് (22), ചിറ്റിയത്ത് ബിഥുന്‍ (22), പൂക്കോളി വീട്ടില്‍ ജിക്്സണ്‍ (31), സി.പി.എം. പ്രവര്‍ത്തകരും പെരിഞ്ഞനം സ്വദേശികളുമായ നടയ്ക്കല്‍ ഉദയകുമാര്‍ (പാപ്പന്‍-45), പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് സനീഷ് (29), കയ്പമംഗലം വഴിയമ്പലം സ്വദേശി ചുള്ളിപ്പറമ്പില്‍ ഹബീബ് (31) എന്നിവരാണ് അറസ്റ്റിലായത്.

ഇതില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി എട്ടാംപ്രതിയാണ്. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ ക്വട്ടേഷഷന്‍ സംഘാംഗങ്ങളുമാണ്. തീരദേശത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സി.പി.എം.-ബി.ജെ.പി. രാഷ്ട്രീയസംഘട്ടനങ്ങളും വൈരാഗ്യവും കണക്കിലെടുത്ത് സി.പി.എം. ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടന്ന സ്ഥലത്ത് സ്ഥിരം ക്യാമ്പ് ചെയ്യുമായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ സ്ഥലത്തെത്തിയ കൊലയാളിസംഘവും കൂടെയെത്തിയ വഴികാട്ടിയും ആളുമാറി നവാസിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലനടന്ന മാര്‍ച്ച് രണ്ടിന് തലേന്നുതന്നെ ക്വട്ടേഷന്‍ സംഘത്തെ, പ്രതികളിലൊരാളായ ഹബീബ് കാറില്‍ പുതുക്കാട്ടുനിന്ന് കൊണ്ടുവന്ന് പെരിഞ്ഞനത്തെ പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ചു. പിറ്റേന്ന് രാത്രി ഒമ്പതുമണിയോടെ പാര്‍ട്ടി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍ സംഘവും ഉദയകുമാറും ഓട്ടോയില്‍ കയറി കൊലനടന്ന സ്ഥലത്തിനടുത്തെത്തി. ഇവിടെനിന്ന് നിരവധി വീടുകള്‍ക്ക് പിറകിലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ കൊല്ലപ്പെട്ട നവാസും സുഹൃത്തുക്കളും ഇരുന്ന പണിതീരാത്ത വീടിനു പിന്നിലെത്തി. ഉദയകുമാറാണ് ഇവര്‍ക്ക് വഴികാട്ടിക്കൊടുത്തത്.

ഇതിനുശേഷം സംഘം ഓട്ടോറിക്ഷ നിര്‍ത്തിയ സ്ഥലത്തുനിന്ന് തെക്കോട്ട് നടന്ന് പള്ളിയില്‍ ഭഗവതീക്ഷേത്രത്തിനടുത്തെത്തി. ഇവിടെ കാത്തുനിന്ന ഹബീബ് കാറില്‍ കയറ്റി ക്വട്ടേഷന്‍ സംഘത്തെ പുതുക്കാട്ട് തിരിച്ചെത്തിച്ചു. വഴികാട്ടിയായ ഉദയകുമാര്‍ വെട്ടാനുപയോഗിച്ച വാളും ഇരുമ്പ് പൈപ്പുകളും ചാക്കിലാക്കി പാര്‍ട്ടി ഓഫീസിനു പിന്നിലെ കുളത്തിലിട്ടു. ക്വട്ടേഷന്‍ സംഘത്തിന് വഴികാട്ടുന്നതിനും ഇരകളെ കാട്ടിക്കൊടുക്കുന്നതിനും നിയോഗിക്കപ്പെട്ട ആള്‍ക്ക് പറ്റിയ തെറ്റാണ് ആളുമാറിയുള്ള കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും കൊല്ലപ്പെട്ട നവാസിന് പ്രത്യേക രാഷ്ട്രീയബന്ധമോ വൈരാഗ്യങ്ങളോ ഇല്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും ഇവര്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതിനെക്കുറിച്ചും അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആദ്യം പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതോടെ മറ്റുള്ളവരും പിടിയിലാവുകയായിരുന്നു. കൊലപാതകത്തിന് ആഴ്ചകള്‍ക്കുമുമ്പാണ് ഗൂഢാലോചന നടത്തിയത്. പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും നേതാക്കള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ കെ.യു. ബിജു വധക്കേസിലുള്‍പ്പെട്ടിട്ടുള്ള ബി.ജെ.പി. പ്രവര്‍ത്തകനെയാണ് പാര്‍ട്ടി വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് സൂചന. പ്രതികളെ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊലനടന്ന സ്ഥലത്തും പരിസരങ്ങളിലും കൊണ്ടുവന്ന് തെളിവെടുത്തു.

പാര്‍ട്ടി ഓഫീസിനു പിന്നിലെ കുളത്തില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍, കൊലയാളിസംഘത്തെ പുതുക്കാട്ടുനിന്ന് കൊണ്ടുവന്നതും തിരിച്ചുകൊണ്ടു പോയതുമായ കാറുകള്‍, പാര്‍ട്ടി ഓഫീസില്‍നിന്ന് കൊലനടത്തിയ സ്ഥലത്തെത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ എന്നിവ പോലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ്, സിഐ കെ.ജെ. പീറ്റര്‍, എസ്‌ഐ എം.കെ. രമേശ് എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്, ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘാംഗങ്ങളായ എസ്‌ഐ പി.കെ. പത്മരാജന്‍, അഡീഷണല്‍ എസ്‌.ഐ. മണിലാല്‍, ടോണി, ഫ്രാന്‍സിസ്, രവി, പ്രദീപ്, ഹബീബ്, ബിജു, അനില്‍, സുനില്‍, ജിജോ, സൂരജ്, അഷറഫ്, സി.ആര്‍. പ്രദീപ്, സഞ്ജയന്‍, ഉമേഷ്, ഗോപന്‍, റോയ് പൗലോസ്, വിനോഷ്, ജെയ്സന്‍, പ്രജീഷ്, മുരുകദാസ്, ഷിജിന്‍, ഷെഫീര്‍ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :