കണ്ണൂര്‍ പാല്‍ചുരം കൊട്ടിയൂര്‍ ഒളാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്ന് മലപ്പുറം മേല്‍മുറി പുള്ളിയില്‍ മട്ടാശ്ശേരി അബ്ദുര്‍റസാഖിന്റെ മകള്‍ ജസീല വ്യാഴാഴ്ച പൊലീസിന് പരാതി നല്‍കി. താന്‍ ജീവിക്കുന്നുണ്ടെങ്കില്‍ ജസ്റ്റിനോടൊപ്പം മാത്രമായിരിക്കും എന്ന് പൊലീസിനോട് മുമ്പ് ജസീല പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇവരുടെ വിവാഹവും നടന്നു. എന്നാല്‍ തന്നെ ജസ്റ്റിന്‍ തട്ടിക്കൊണ്ട് പോയതാണെന്ന ജസീലയുടെ പുതിയ വെളിപ്പെടുത്തലോടെ കേസ് വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
ജസ്റ്റിന്‍ മലപ്പുറത്ത് ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം നടത്തുന്നതിനിടെയാണ് ജസീലയെ പരിചയപ്പെടുന്നത്. ടിടിസി വിദ്യാര്‍ഥിനിയായ ജസീല, ജസ്റ്റിന്‍റെ സ്ഥാപനത്തില്‍ സ്പോക്കണ്‍ ഇംഗ്ലിഷ് പഠനം നടത്തിയിരുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. ഇക്കാര്യം കാണിച്ച് ജസീലയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജസീലയെ കണ്ടെത്താന്‍ പൊലീസിനോടു കോടതിയും ഉത്തരവിട്ടു. ഇതിനിടെ ജനുവരി മൂന്നിനു ജസ്റ്റിനും ജസീലയും ഹൈക്കോടതിയില്‍ ഹാജരായി. ഒരാഴ്ച ഉമ്മയ്ക്കൊപ്പം ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ ജസീലയോട് കോടതി നിര്‍ദേശിച്ചു.
ഒരാഴ്ച കഴിഞ്ഞ് ഇരുവരും വീണ്ടും കോടതിയില്‍ ഹാജരായപ്പോഴാണ് താന്‍ ജസ്റ്റിന്‍റെ കൂടെ മാത്രമേ താമസിക്കുകയുള്ളൂവെന്നു ജസീല വ്യക്തമാക്കിയത്. ഇതുപ്രകാരം അതിനുള്ള അനുമതി കൊടുക്കുന്നതോടൊപ്പം പൊലീസ് സംരക്ഷണം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ജനുവരി 10-ന് ഇവര്‍ വിവാഹിതരാകുകയും ചെയ്തു.
എന്നാല്‍ ജനുവരി 13-ന് മലപ്പുറം നാര്‍കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം മോഷണക്കുറ്റം ആരോപിച്ച് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തു. ജസ്റ്റിനും ജസീലയും ചേര്‍ന്ന് തന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി നൂറിലധികം പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചുവെന്ന് ജസീലയുടെ സഹോദരന്‍റെ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതില്‍ ഹാജരാക്കിയ ദമ്പതികളില്‍ ജസീലയെ ജാമ്യത്തില്‍ വിടുകയും ജാമ്യം നിഷേധിക്കപ്പെട്ട ജസ്റ്റിനെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച ജസീലയെ ബാപ്പ കാറില്‍ കയറ്റി കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ജസ്റ്റിന്‍ ഫ്രാന്‍സിസ് സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ജസീല ഇപ്പോള്‍ പറയുന്നത്. വിവാഹം കഴിക്കണമെന്നു പ്രതി നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് താല്‍പ്പര്യമില്ലാതെ താന്‍ സമ്മതിക്കുകയുമായിരുന്നു. ജസ്റ്റിന്റെ പ്രേരണക്ക് വഴങ്ങി വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും എടുത്ത് ഒളിവില്‍ താമസിച്ചു. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു തന്നെക്കൊണ്ട് ചില കടലാസുകളില്‍ ഒപ്പിടീക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വീട്ടില്‍ നിന്നു കിട്ടാവുന്നിടത്തോളം സ്വര്‍ണവും പണവുമെടുക്കണമെന്നു പ്രതി നിര്‍ബന്ധിച്ചപ്രകാരം 106 പവന്‍ സ്വര്‍ണവും 15000 രൂപയും എടുത്തിരുന്നു. ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും പണയംവയ്ക്കുകയും ചെയ്തു. വിവാഹശേഷം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയും ജസ്റ്റിന്റെ മാതാപിതാക്കള്‍ സ്വര്‍ണം വാങ്ങിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ സഹോദരന്‍ ബിജുവും ബന്ധു ജോസ് പൗലോസും സ്വര്‍ണം കൊണ്ടുപോയി. ചോദ്യംചെയ്ത തന്നെ മര്‍ദ്ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിട്ടു. മാനസികമായി തളര്‍ന്ന താന്‍ ആത്മഹത്യക്ക് വരെ ചിന്തിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇതിനിടെ, ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ബന്ധുവും ധനാഢ്യനുമായ വ്യക്തിയുടെ മകളാണ് ജസീലയെന്നും ഉന്നതങ്ങളിലുള്ള ഈ വ്യക്തിയുടെ പിടിപാടാണ് ജസ്റ്റിന്‍ കള്ളക്കേസില്‍ കുടുങ്ങാന്‍ ഇടയായതെന്നും ജസീലയെ ഭീഷണിപ്പെടുത്തിയാണ് പരാതി നല്‍കിച്ചതെന്നും ജസ്റ്റിന്റെ ബന്ധുക്കള്‍ പറയുന്നു. എന്തായാലും, മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും മുന്നില്‍ ‘ജീവിക്കുന്നുവെങ്കില്‍ ജസ്റ്റിന്റെ കൂടെ മാത്രം’ എന്ന് പ്രഖ്യാപിച്ച പെണ്‍കുട്ടിയിപ്പോള്‍ ജസ്റ്റിനെതിരെ ഇങ്ങിനെ ഒരു പരാതി നല്‍കിയിരിക്കുന്നത് ഒരുപാട് ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ട്.