പൂരക്കളിവേദിയില്‍ പ്രതിഷേധ പൂരം

കോഴിക്കോട്| WEBDUNIA|
പൂരക്കളി വേദിയില്‍ കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ മത്സരം തടസപ്പെടുത്തി. അഞ്ചുമിനിട്ട് വൈകിയെത്തിയതിന് തങ്ങളെ അയോഗ്യരാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇരുജില്ലകളിലെയും വിദ്യാര്‍ത്ഥികള്‍ മത്സരവേദിക്കു മുന്നില്‍ കുത്തിയിരുപ്പ് നടത്തിയത്.

അഞ്ചുമിനിറ്റ് വൈകിയതിനാണ് തങ്ങളെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോഗ്യരാക്കിയത്. ഇത്തരം നിയമങ്ങള്‍ അധികൃതര്‍ക്കു വേണ്ടിയാണ്. കുട്ടികള്‍ മത്സരിക്കുമ്പോള്‍ കുട്ടികളോട് ചെറിയ വിട്ടുവീഴ്‌ചകള്‍ ചെയ്തു കൂടേ - മലപ്പുറത്തു നിന്നെത്തിയ പൂരക്കളി സംഘം ചോദിക്കുന്നു.

സംഘാടകര്‍ക്ക് സംഭവിച്ച പിഴവിനെപ്പറ്റിയും പൂരക്കളിവേദി നഷ്‌ടപ്പെട്ട ഇവര്‍ക്ക് പറയാനുണ്ട്. താമസസ്ഥലത്ത് രാവിലെ ഏഴുമണിക്കു ബസ് വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഏഴേമുക്കാലോടെയാണ് ബസ് എത്തിയത്. ഭക്ഷണശാലയില്‍ എത്തി ആഹാരം കഴിച്ചതിനു ശേഷം ലൈന്‍ ബസിനാണ് തങ്ങള്‍ മത്സരവേദിയില്‍ എത്തിയത്. ഒരു കുട്ടിക്ക് കൂടി പട്ട കെട്ടാന്‍ ഉണ്ടായിരുന്നു. അതിനായി മാറിയപ്പോഴാണ് തങ്ങളെ അയോഗ്യരാക്കിയതെന്ന് മത്സരാര്‍ത്ഥികള്‍ക്കൊപ്പം വന്ന അധ്യാപകന്‍ പറഞ്ഞു. ഇത്ര സമയത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് യാതൊരുവിധ നിര്‍ദ്ദേശവും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു.

പൂരക്കളി മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പട്ട കെട്ടാന്‍ ഏഴു മിനിറ്റ് എടുക്കും. അങ്ങനെ 12 കുട്ടികള്‍ക്ക് പട്ട കെട്ടണം. അപ്പോള്‍ എത്ര സമയമെടുക്കുമെന്ന് ആലോചിച്ചു നോക്കൂ. കലോത്സവം കുട്ടികള്‍ക്ക് വേണ്ടിയല്ലേ നടത്തുന്നത്. അപ്പോള്‍ അധികൃതര്‍ക്ക് ചെറിയ വിട്ടുവീഴ്‌ച ചെയ്തുകൂടേ - മലപ്പുറം ജില്ലയില്‍ നിന്നെത്തിയ സംഘം ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :