പൂനെ സ്ഫോടനം: അന്വേഷണം കേരളത്തിലേക്ക്

മാംഗ്ലൂര്‍| WEBDUNIA|
PRO
പൂനെ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കേരളത്തില്‍ നിന്നോ കര്‍ണ്ണാടകയില്‍ നിന്നോ ഉള്ള ആളുകളുടെ വ്യക്തമായ സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. റിയാസ് ബത്‌കാല്‍, മൊഹ്‌സിന്‍ ചൌധരി, താക്കിര്‍ (അബ്ദുള്‍ സുബാന്‍ ഖുറേഷി) തുടങ്ങിയ തീവ്രവാദികളാണ് ജര്‍മ്മന്‍ ബേക്കറിയിലെ സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന വിവരം.

ഈ മൂന്ന് പേരും കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നിരവധി പേരെ റിക്രൂട്ട് ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് സ്ഫോടനത്തിനായി ആയുധങ്ങളും മറ്റും എത്തിച്ചിരുന്നതെന്നും കരുതപ്പെടുന്നു. നിരോധിച്ച സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതെന്നും പൊലീസിന് സൂചന ലഭിച്ചു.

മഹാരാഷ്ട്ര പൊലീസിലെയും ബാംഗ്ലൂര്‍ പൊലീസിലേയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ബെല്ലാരി ഹൂബ്ലി, കര്‍ണ്ണാടകയുടെയും കേരളത്തിന്‍റേയും തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന മൂന്ന് പേര്‍ കര്‍ണ്ണാടകയുടെയും കേരളത്തിന്‍റെയും വിവിധയിടങ്ങളില്‍ ഭീകര പരിശീലന ക്യാം‌പുകള്‍ നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

കേരളത്തിലെ വാഗമണ്‍ കേന്ദ്രമാക്കി ഭീകരപരിശീലനം നടക്കുന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ഈ ദിശയിലുള്ള കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ ഹൂബ്ലിയിലുള്ള ഒരു ക്യാം‌പിലാണ് ഉള്ളതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :