പുല്ലുമേട് ദുരന്തം: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 9 ഫെബ്രുവരി 2011 (11:06 IST)
PRO
പുല്ലുമേട് ദുരന്തം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേവസ്വം മന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തിരപ്രമേയ നോട്ടീസിനെ മറുപടി നല്കിയതിനെ തുടര്‍ന്ന് ആണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്.

പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്. പുല്ലുമേട്‌ ദുരന്തത്തിനു മുമ്പ്‌ പമ്പയിലും കണമലയിലും ദുരന്തം ഉണ്ടായി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന്‌ ആരോപിച്ചായിരുന്നു നോട്ടീസ് നല്കിയത്.

കണമല ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ആവശ്യമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

എന്നാല്‍, ഇതിനു മറുപടിയായി കണമല ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ധനസഹായം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു കഴിയില്ലെന്ന്‌ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

തുടര്‍ന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പുല്ലുമേട് ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :