പുലി വധം; ആര്‍ക്കെതിരെയും കേസില്ല

തൊടുപുഴ| WEBDUNIA|
തൊടുപുഴയില്‍ പുലിയെ തല്ലിക്കൊന്ന സംഭവത്തില്‍ ആര്‍ക്കെതിരെയും വനംവകുപ്പ്‌ കേസെടുത്തില്ല. നേരത്തെ കണ്ടാലറിയാവുന്ന ഒരു കൂട്ടം നാട്ടുകാരുടെ പേരില്‍ കേസെടുത്തിരുന്നു‌ എങ്കിലും അവസാനം കേസ് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പാണ് തൊടുപുഴ ടൗണില്‍ പുലിയിറങ്ങിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുലിയെ പിടികൂടി വനംവകുപ്പ് അധികൃതര്‍ക്കു കൈമാറിയത്. പിന്നീട് പുലി ചത്തതോടെയാണ് നാട്ടുകാര്‍ക്കെതിരെ വനം വകുപ്പ് അധികൃതര്‍ കേസെടുത്തത്.

വന്യജീവിയെ കൊന്നതായി കാണിച്ചാണ് നാട്ടുക്കാര്‍ക്കെതിരെ വനംകുപ്പ്‌ കേസെടുത്തത്‌. ചാനല്‍ വീഡിയോ ക്ലിപ്പുകളില്‍ കാണുന്നവരോ, പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റവരോ അല്ല യഥാര്‍ത്ഥ പ്രതികളെന്നിരിക്കെ ഇവര്‍ക്കെതിരെ കേസെടുക്കാനാണ്‌ വനംവകുപ്പ്‌ ശ്രമിച്ചതെന്ന് പരാതിയുണ്ടായിരുന്നു‌. രാഷ്‌ട്രീയ ഇടപെടലും ഉന്നത നീക്കങ്ങളും മൂലമാണ്‌ കേസ് തള്ളിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വീട്ടില്‍ രഹസ്യമായി വളര്‍ത്തിയിരുന്ന പുലി കൂട്ടില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടതാണെന്ന് പോലീസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ വഴിക്ക് അന്വേഷണം നടത്താനും വനംവകുപ്പ്‌ ശ്രമം നടത്തിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :