പിള്ള-മകന്‍ പ്രശ്നത്തില്‍ ലീഗ് ഇടപെടില്ല: മജീദ്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 17 ജനുവരി 2012 (12:34 IST)
കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ കെ ബി ഗണേശ്കുമാറുമായുള്ള പ്രശ്നത്തില്‍ ഇടപെടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇത് അച്ഛനും മകനും തമ്മിലുള്ള പ്രശ്നമാണ്. അതിനാല്‍ ലീഗിന് മധ്യസ്ഥത വഹിക്കേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

പ്രശ്നത്തില്‍ ലീഗ് മധ്യസ്ഥത വഹിക്കുമെന്ന് നേരത്തെ മന്ത്രി എം കെ മുനീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മുനീറിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മജീദ് അറിയിച്ചു. മുസ്ലീംലീഗ്‌ നേതാക്കളുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തെ കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്‌. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്‌ വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് മജീദ് പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ മുന്‍‌നിര്‍ത്തി ഈ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക പ്രതികരണം പാടില്ലെന്നും മജീദ് വ്യക്തമാക്കി. സമരം ചെയ്യുന്നത്‌ പ്രശ്നത്തെ കൂടുതല്‍ വൈകാരികമാക്കുകയേയുള്ളൂ. ഇത് തമിഴ്‌നാട്ടിലെ മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്നും മജീദ് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ സമരം വീണ്ടും തുടങ്ങാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച്‌ യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :