പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായി പ്രശസ്ത സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാ ദേവി പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പിണറായി താമസിക്കുന്നത് രമ്യഹര്‍മ്യത്തിലാണെന്ന മഹാശ്വേതാ ദേവിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായിട്ടാണ് മഹാശ്വേതാ ദേവി ഇങ്ങനെ പറഞ്ഞത്.
പിണറായി താമസിക്കുന്നത് ഒരു സാധാരണ വീട്ടിലാണെന്ന് തനിക്ക് മനസ്സിലായി എന്നും തന്റെ പരാമര്‍ശം അദ്ദേഹത്തെ വിഷമിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞുവെന്ന് മഹാശ്വേതാ ദേവി പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ച് പിണറായിക്ക് കത്തയച്ചതായും മഹാശ്വേതാ ദേവി വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട റവല്യൂഷണറി പാര്‍ട്ടി നേതാവ് ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം “വാടക കൊലയാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി അധഃപതിച്ച സി പി എമ്മിനെ ഉന്‍മൂലനം ചെയ്യണം. ഇത്തരം പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കാന്‍ പാടില്ല. ബംഗാളില്‍ ഈ രീതി തന്നെയാണ് സി പി എം സ്വീകരിച്ചത്. അതിനുള്ള തിരിച്ചടി അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പുതിയ പാര്‍ട്ടികള്‍ ഉയര്‍ന്ന് വരണം” എന്ന് പ്രസംഗിച്ച മഹേശ്വേതാ ദേവി ‘പിണറായി തന്റെ രമ്യഹര്‍മ്യത്തില്‍ നിന്ന് പുറത്ത് വരണമെന്നും പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കണമെന്നും’ കാണിച്ച് ഒരു കത്തും അയച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് മഹേശ്വേതാ ദേവിക്ക് പിണറായി വിജയന്‍ കത്തയച്ചത്.
“നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള രമ്യഹര്‍മ്യമാണോ തന്‍റെ വീടെന്നു നേരിട്ടുകണ്ട് മനസിലാക്കാന്‍ സ്നേഹാദരങ്ങളോടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നാണു കരുതുന്നത്. സൗകര്യമുള്ള ഏതു നിമിഷവും വീട്ടിലേക്കു വരാവുന്നതാണ്. വീടിന്‍റെ വാതിലുകള്‍ എപ്പോഴും തുറന്നു തന്നെയിരിക്കും.”
“കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂര ദ്വീപിലൊന്നുമല്ല, പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന എന്‍റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണു വീട് സ്ഥിതി ചെയ്യുന്നത്. സത്യം നേരില്‍ കാണാനാണു വീട്ടിലേക്കു ക്ഷണിക്കുന്നത്. സിപിഎമ്മിനെക്കുറിച്ചു രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇതു സഹായകമാകും” എന്നായിരുന്നു മഹേശ്വേതാ ദേവിക്ക് പിണറായി വിജയന്‍ അയച്ച കത്തില്‍ ഉണ്ടായിരുന്നത്.