പിണറായിയുടെ വീട്ടില്‍ മമ്മൂട്ടി; ഓട്ടോയില്‍!

Mammootty
തലശ്ശേരി:| WEBDUNIA|
PRO
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണിന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുമെത്തി. എന്നാല്‍ വഴിയിലെ ഗതാഗതക്കുരുക്ക് കാരണം സ്വന്തം കാറ് വഴിയരുകില്‍ വിട്ട് ഒരു ഓട്ടോറിക്ഷയിലാണ് മമ്മൂട്ടി കല്യാണമണ്ഡപത്തില്‍ എത്തിയത്.

തലശ്ശേരിയിലെ എംസി റിവര്‍ സൈഡ്‌ എന്‍ക്ലേവിലായിരുന്നു വിവേകിന്റെ വിവാഹവേദി ഒരുക്കിയിരുന്നത്. സ്വന്തം കാറില്‍ തലശ്ശേരിയിലേക്ക് പുറപ്പെട്ട മമ്മൂട്ടി കുയ്യാലി റോഡിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. ഏകദേശം ഒരുമണിക്കൂര്‍ കാറിലിരുന്നിട്ടും കുരുക്കഴിഞ്ഞില്ലെന്ന് മാത്രമല്ല കാറ് ഒരിഞ്ച് മുന്നോട്ട് നീങ്ങിയതുമില്ല. കാത്തിരുന്ന് മുഴിഞ്ഞപ്പോഴാണ് കാര്‍ ഉപേക്ഷിച്ച് വല്ല ഓട്ടോയിലും പൊയ്ക്കളയാമെന്ന് മമ്മൂട്ടി തീരുമാനിച്ചത്.

എതിര്‍‌ദിശയില്‍ നിന്ന് വന്നിരുന്ന ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയ്ക്ക് കൈകാണിച്ചയാളെ കണ്ട് ഞെട്ടി. സൂപ്പര്‍താരം മമ്മൂട്ടിയാണ് തന്റെ ഓട്ടോയ്ക്ക് കൈകാണിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ ഓട്ടോ ഡ്രൈവര്‍ക്ക് അല്‍‌പം സമയം വേണ്ടിവന്നു. ഓട്ടോയില്‍ കയറിയിരുന്ന് മമ്മൂട്ടി പറഞ്ഞു, ‘എംസി റിവര്‍ സൈഡ്‌ എന്‍ക്ലേവ്’. ഊടുവഴികളിലൂടെ മിനിറ്റുകള്‍ക്കകം ഓട്ടോറിക്ഷ വിവാഹവേദിയിലെത്തി.

ഗതാഗതകുരുക്കിനെപ്പറ്റി മമ്മൂട്ടി വേദിയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോടു പരാതിപ്പെട്ടു. കുരുക്കഴിക്കാന്‍ പോലീസ്‌ ഒന്നും ചെയ്തില്ലെന്നായിരുന്നു മമ്മൂട്ടിയുടെ പരാതി. സംഭവം താനറിഞ്ഞിരുന്നില്ലെന്നും അന്വേഷിക്കാമെന്നും മമ്മൂട്ടിക്ക് കോടിയേരി ഉറപ്പുകൊടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :