പിണറായി ഗ്രാമം ഇന്നലെയും ഇന്നും ഇങ്ങനെയൊക്കെയായിരുന്നു!

പിണറായി എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേവലം ഒരു ഗ്രാമം മാത്രമല്ല. പാര്‍ട്ടിയുടെ അവസാന വാക്കാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി വിജയന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിക്കാരുടെ ചുമതല കേവലം ഒരു വിജയ

പിണറായി വിജയന്‍, കണ്ണൂര്‍ Pinarayi Vijayan, Kannur
പിണറായി| rahul balan| Last Modified വെള്ളി, 20 മെയ് 2016 (19:00 IST)
പിണറായി എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേവലം ഒരു ഗ്രാമം മാത്രമല്ല. പാര്‍ട്ടിയുടെ അവസാന വാക്കാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി വിജയന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിക്കാരുടെ ചുമതല കേവലം ഒരു വിജയം നല്‍കുന്നതിനപ്പുറം രാജകീയമായി അദ്ദേഹത്തെ തിരുവന്തപുരത്തേക്ക് അയക്കുക എന്നതായിരുന്നു. ഏറ്റെടുത്ത ചുമതല അവര്‍ ഭംഗിയായി ചെയ്തു എന്നതിന് തെളിവാണ് പിണറായിയുടെ 36,905 ന്റെ ഭൂരിപക്ഷം.

വോട്ടെണ്ണല്‍ ദിവസം ഇ കെ നായനാരുടെ പന്ത്രണ്ടാം ചരമ വാര്‍ഷികമായതിനാല്‍ ശ്രദ്ധാഞ്ചലി അര്‍പ്പിക്കാനായി രാവിലേത്തന്നെ പിണറായി വിജയന്‍ പയ്യാമ്പലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍
പിണറായിയുടെ ധര്‍മ്മടത്തെ വിജയം ഉറപ്പിച്ചിരുന്ന പ്രവര്‍ത്തകര്‍ രാവിലെതന്നെ ആഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഒരു സംഘം വോട്ടെണ്ണല്‍ തത്സമയം കാണാനായി പിണറായിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വലിയ സ്ക്രീന്‍ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു. മറ്റൊരു സംഘം പ്രവര്‍ത്തകര്‍ക്കായി ബിരിയാണി ഒരുക്കുന്ന തിരക്കിലും. ചുരുക്കത്തില്‍ പിണറായിയിലും ധര്‍മ്മടത്തും ഒരു ഉത്സവ പ്രതീതിയായിരുന്നു.

‘ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭൂരിപക്ഷം എത്രയാകും എന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. പാര്‍ട്ടിയുടെ കണക്കനുസരിച്ച് 25,000 മുതല്‍ 30,000 വരെ ഭൂരിപക്ഷം കിട്ടും.’- പിണറായി ടൌണ്‍ വാര്‍ഡ് മെമ്പര്‍ കെ പി അസ്‌ലം പറയുന്നു. അസ്‌ലം സംസാരിച്ചുകൊണ്ടിരിക്കെ പിണറായി മൂന്ന് മണിയോടെ സ്ഥലത്തെത്തും എന്ന വാര്‍ത്തയുമായി മറ്റൊരു പഞ്ചായത്ത് മെമ്പര്‍ രാജനെത്തി.

വോട്ടെണ്ണല്‍ തുടങ്ങി നിമിഷങ്ങള്‍ക്കകം പിണറായിയുടെ ലീഡ് പതിനഞ്ചായിരത്തില്‍ എത്തിയതോടെ പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷം തുടങ്ങി. സ്ഥലത്തെത്തിയ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കക്കോട്ട് രാജന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്ന തിരക്കിലായിരുന്നു. ‘പതിനൊന്ന് മണിയോടെ പിണറായി വിജയന്‍ ജയിച്ച വാര്‍ത്ത വലിയ സ്ക്രീനില്‍ തെളിഞ്ഞുവന്നു. ഭൂരിപക്ഷം 36,905!! പിന്നീട് സ്ഥലത്ത് ഒരു ഉത്സവ പ്രതീതിയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം തുടങ്ങി. ‘ഈ ദിവസം ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ഇന്ന് പിണറായി ഗ്രാമം ഉറങ്ങില്ല.’- ഡി വൈ എഫ് ഐയുടെ പ്രാദേശിക സെക്രട്ടറി ശൈലേഷ് പറഞ്ഞു.

പിന്നീടങ്ങോട്ട് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദിക്കാനുള്ള വാര്‍ത്തകള്‍ മാത്രമായിരുന്നു ടിവി സ്ക്രീനില്‍ തെളിഞ്ഞത്. തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ പരാജയവും ഉദുമയില്‍ കെ സുധാകരന്റെ പരാജയവും പ്രവര്‍ത്തകരെ ഉത്സവത്തിമര്‍പ്പിലാക്കി. ഉച്ചയോടെ ഇടതുപക്ഷത്തിന്റെ സീറ്റ് 91 എത്തിയതോടെ സമീപ പ്രദേശത്തുള്ളവര്‍പ്പോലും പിണറായിയിലേക്ക് ഒഴുകിയെത്തി. പിന്നീട് മൂന്ന് മണിയാകാനുള്ള കാത്തിരിപ്പായിരുന്നു. അവരുടെ പ്രിയപ്പെട്ട സഖാവിനെ കാണാന്‍. മൂന്ന് മണിയെന്നാല്‍ പിണറായിക്ക് മൂന്ന് മണിതന്നെയാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ആഘോഷ പരിപാടികളൊക്കെ നേരത്തെ തീരുമാനിച്ച പ്രകാരം നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

സമയം മൂന്ന് മണി. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പിണറായി എത്തി. പ്രവര്‍ത്തകരുടെ ഹൃദയത്തെതൊട്ടുകൊണ്ട് പിണറായി സംസാരിച്ച് തുടങ്ങി. ‘എതിരാളികള്‍ എനിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴെല്ലാം എനിക്ക് പ്രചോതനമേകിയത് നിങ്ങള്‍ എനിക്ക് തന്ന പിന്തുണയാണ്, പരിഗണനയാണ്. നിങ്ങളുടെ സ്നേഹത്തിന് പകരമായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്യും.’- തികച്ചും പിണറായി സ്റ്റൈലില്‍ കാര്യങ്ങള്‍ കുറച്ച് വാക്കുകളില്‍ മാത്രം ചുരുക്കി പ്രവര്‍ത്തകരുടേ സ്നേഹത്തിന് നന്ദി പറഞ്ഞ് അദ്ദേഹം പറഞ്ഞു നിര്‍ത്തി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പിണറായിയുടെ വാഹനം നീങ്ങിത്തുടങ്ങി. പുതിയ ലക്ഷ്യങ്ങളും ചുമതലകളും ഏറ്റെടുത്തുകൊണ്ട്.

പിണറായിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതോടെ ഇന്ന് ഉച്ചയോടെ അടുത്ത ആഘോഷം തുടങ്ങാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍. ഇനി കുറച്ച് ദിവസത്തേക്ക് പിണറായി പ്രദേശവും ധര്‍മ്മണവും ഉറങ്ങില്ലെന്ന് ഉറപ്പാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :