പിഞ്ചോമനയ്ക്ക് ട്രാക്കില്‍ പുനര്‍ജന്മം!

പാലക്കാട്| WEBDUNIA|
PRO
PRO
റെയില്‍‌വെ ട്രാക്കിലും ഓടയിലും പുഴയിലുമൊക്കെ ഉപേക്ഷിക്കപ്പെടുന്ന അനാഥജന്മങ്ങള്‍ എത്രയെത്ര. ആരോ ചെയ്ത തെറ്റിന്റെ പേരില്‍ പിറന്നുവീഴും മുമ്പേ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന പിഞ്ചോമനകളെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇവിടെ ഇതാ, ചൂളം വിളിച്ചെത്തുന്ന ഭീമാകാരന്മാര്‍ കടന്നുപോകുന്ന ട്രാക്കില്‍ നിന്ന് ഒരു കണ്‍‌മണി പുനര്‍ജനിച്ചിരിക്കുന്നു.

ഒലവക്കോട് സ്റ്റേഷനിലെ ട്രാക്കില്‍ നിന്നാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ട്രെയിനിലെ കക്കൂസ്ദ്വാരത്തിലൂടെ ട്രാക്കിലേക്ക് ഊര്‍ന്നുവീണ പെണ്‍കുഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. വീഴ്ചയ്ക്കിടെ കാല്‍മുട്ടിന് നിസ്സാര പരുക്കേറ്റുവെന്ന് മാത്രം.

പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഒലവക്കോട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്ത് ട്രെയിനിലെ കക്കൂസില്‍ പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ദ്വാരത്തിലൂടെ താഴേക്കിട്ടതാകാമെന്ന് റെയില്‍‌വെ പോലീസ് അറിയിച്ചു. പിന്നീട് ഈ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതിനുശേഷമാണ് കുഞ്ഞിനെ ട്രാക്കില്‍ കണ്ടെത്തിയത്. ഇതിനിടെ തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന് ഒരു പോറല്‍ പോലും ഏറ്റില്ല. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷൊര്‍ണൂരിലെ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ചെയ്തു. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ജില്ലാ ആശുപത്രിയിലെ ശിശുപരിചരണവിഭാഗത്തില്‍ സുഖംപ്രാപിച്ചുവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :