പി സി ജോര്‍ജും ഗണേഷും ശാന്തിയുടെ ലോകത്തേക്ക് ഇറങ്ങണം: തോക്ക് സ്വാമി

തിരുവനന്തപുരം| WEBDUNIA|
PRO
പി സി ജോര്‍ജും കെ ബി ഗണേഷ്കുമാറുമൊക്കെ തമ്മിലടി നിര്‍ത്തി ശാന്തിയുടെ ലോകത്തേക്കിറങ്ങണമെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ(തോക്ക് സ്വാമി) ആഹ്വാനം ചെയ്തു. കേരളത്തില്‍ തമ്മിലടി മാത്രമേ നടക്കുന്നുള്ളൂ എന്നും സ്വാമി നിരീക്ഷിച്ചു. വലിയ ഇടവേളയ്ക്ക് ശേഷമാണ് തോക്ക് സ്വാമി മാധ്യമങ്ങളെ കാണാനെത്തിയത്. സമാധാനത്തിന്‍റെ സന്ദേശമുയര്‍ത്തി താന്‍ ലോകപര്യടനത്തിനു പുറപ്പെടുകയാണെന്നും തോക്ക് സ്വാമി പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇപ്പോള്‍ തമ്മിലടി മാത്രമാണ് നടക്കുന്നത്. പി സി ജോര്‍ജ്ജും ഗണേഷും വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനുമെല്ലാം തമ്മിലടി നിര്‍ത്തണം. അവര്‍ സമാധാനത്തിന്‍റെ ലോകത്തേക്ക് ഇറങ്ങിവരണം. തമ്മിലടികള്‍ വലിയ വാര്‍ത്തയാക്കാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം. ആത്മസുഖം ലഭിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യൂ - തോക്ക് സ്വാമി ഉപദേശിക്കുന്നു.

ആശ്രമവാസികളായ സ്വാമിമാരെല്ലാം തട്ടിപ്പുകാരാണ്. ധ്യാനം എന്ന ഒരു കാര്യം കൊണ്ടുതന്നെ ആത്മസുഖം ലഭിക്കും - സ്വാമി പറയുന്നു.

ലോകപര്യടനത്തിനു പുറപ്പെടുന്ന താന്‍ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ആദ്യം ശ്രീലങ്കയിലേക്കാണ് യാത്രയെന്നും ഹിമവല്‍ പറയുന്നു. മറ്റൊരു കാര്യം കൂടി സ്വാമി വ്യക്തമാക്കി - താന്‍ ഇപ്പോള്‍ ദുബായില്‍ ഒരു ബിസിനസുകാരനാണ്. മാന്യമായ ബിസിനസാണ് താന്‍ നടത്തുന്നതെന്നും തോക്ക് സ്വാമി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :