പി ജയരാജന്‍ കൂടുതല്‍ കുരുക്കില്‍, ഷുക്കൂര്‍ വധക്കേസില്‍ വിചാരണയ്ക്ക് അനുമതി

P Jayarajan, T V Rajesh, Shukkor, Pinarayi, Kathiroor Manoj, പി ജയരാജന്‍, ടി വി രാജേഷ്, ഷുക്കൂര്‍, പിണറായി, കതിരൂര്‍ മനോജ്
കൊച്ചി| Last Modified ബുധന്‍, 13 ജനുവരി 2016 (14:53 IST)
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കൂടുതല്‍ കുരുക്കിലേക്ക്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍റെ വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി.

പി ജയരാജനും ടി വി രാജേഷിനുമുള്ള വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. കേസിന്‍റെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് രാജേഷും ജയരാജനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ആദ്യം വിചാരണ തടഞ്ഞിരുന്നത്. ഈ സ്റ്റേ ഉത്തരവാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്‌ദുള്‍ ഷുക്കൂര്‍(21) കൊല്ലപ്പെട്ടത്. ജയരാജന്‍റെയും രാജേഷിന്‍റെയും വാഹനത്തിന് നേരെ യൂത്ത് ലീഗ് ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം സി പി എം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്നാണ് കേസ്. കതിരൂര്‍ മനോജ് കൊലക്കേസില്‍ പി ജയരാജനെതിരെ സി ബി ഐ കുരുക്കുകള്‍ മുറുക്കുന്നതിനിടെയാണ് ഷുക്കൂര്‍ കൊലക്കേസില്‍ വിചാരണയ്ക്ക് അനുമതി നല്‍കി കോടതി ഉത്തരവും വന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :