പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ വൈദികനും രക്ഷയില്ല!

കോഴിക്കോട്| WEBDUNIA|
PRO
കുര്‍ബാനയ്ക്കിടെയുള്ള പ്രസംഗത്തില്‍ പാര്‍ട്ടിയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിച്ചതിന് വൈദികനെതിരെ പ്രതിഷേധം. കോഴിക്കോട് ജില്ലയിലെ പശുക്കടവ് സെന്‍റ് തെരേസാസ് പള്ളി വികാരി ജോസഫ്‌ കൂനാനിക്കലിനെതിരെയാണ് പ്രതിഷേധം.

കഴിഞ്ഞ ഞായറാഴ്ച കുട്ടികള്‍ക്കായുള്ള രണ്ടാമത്തെ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് പള്ളി വികാരി കൂടിയായ ഫാദര്‍ ജോസഫ്‌ കൂനാനിക്കല്‍ സി പി എമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ വിമര്‍ശനം നടത്തിയത്. വൈദികന്‍റെ വിമര്‍ശനത്തില്‍ കുപിതനായ ഇടവകാംഗവും പാ‍ര്‍ട്ടി പ്രവര്‍ത്തകനുമായ ബേബി കുര്‍ബാ‍നയ്ക്കിടയില്‍ അള്‍ത്താരയില്‍ കയറി പ്രതിഷേധം അറിയിക്കുകയായിരുന്നു.

ബേബിയുടെ പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് വികാരിയച്ഛന്‍ കൂട്ടമണിയടിച്ച് വിശ്വാസികളെ വിളിച്ചു കൂട്ടി. പള്ളിയിലെത്തിയ വിശ്വാസികള്‍ ബേബിക്കെതിരെ തിരിഞ്ഞെങ്കിലും വൈദികന്‍ അതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പള്ളി കമ്മിറ്റിയില്‍ അടുത്ത ഞായറാഴ്ചയ്ക്കു മുമ്പായി മാപ്പപേക്ഷിക്കാന്‍ ബേബിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബേബിയുടെ ഭാര്യ സ്ഥലത്തെ പഞ്ചായത്തംഗവും സി പി എം അംഗവുമാണ്.

ഇതിനിടെ വൈദികനെതിരെ സ്ഥലത്തെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തി കഴിഞ്ഞു. വൈദികനായ ജോസഫ്‌ കൂനാനിക്കല്‍ ഈ ഇടവകയുടെ ചുമതലയേറ്റതിനു ശേഷം നിരന്തരം സി പി എമ്മിനെതിരെയുള്ള പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കെതിരെയുള്ള അപവാദ പ്രചാരണവുമായി മുന്നോട്ടു പോകാനാണ് വൈദികന്‍ ശ്രമിക്കുന്നതെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫാ ജോസഫ്‌ കുനാനിക്കലിനു നേരെയുണ്ടായ കൈയേറ്റശ്രമം സി പി എമ്മിന്‍റെ മതനിഷേധത്തിന്‌ തെളിവാണെന്ന്‌ കെ സി വൈ എം കോടഞ്ചേരി മേഖലയോഗം അഭിപ്രായപ്പെട്ടു. സഭയേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കുന്ന പ്രവണതകള്‍ തുടരാന്‍ അനുവദിക്കില്ല. നിരീശ്വരപ്രസ്‌ഥാനങ്ങള്‍ വൈദികര്‍ക്കുനേരെ നടത്തുന്ന അക്രമങ്ങളെ ശക്‌തമായി നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :