പാര്‍ട്ടി താത്പര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനങ്ങള്‍ ചില ശക്തികള്‍ക്ക് വിരോധമുണ്ടാക്കിയെന്ന് പിണറായി

പെരിന്തല്‍മണ്ണ| WEBDUNIA|
PRO
PRO
പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി താത്പര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനങ്ങള്‍ ചില ശക്തികള്‍ക്ക് വിരോധമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടശേഷം മലപ്പുറം ജില്ലാകമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സെക്രട്ടറിയായി ചുമതല നിറവേറ്റുമ്പോള്‍ അതിഷ്ടപ്പെടാത്തവരാണ് വിരോധം വെച്ചുപുലര്‍ത്തിയത്. സെക്രട്ടറിയെന്ന നിലയില്‍ ഏറെ ആക്രമണം ഏറ്റുവാങ്ങി. ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത് വ്യക്തിപരമായി തന്നെയല്ലെന്നും മറിച്ച് പാര്‍ട്ടിയെ ആയിരുന്നെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയവിരോധം വെച്ചുള്ള കേസുകളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നുവന്നിട്ടുള്ളത്. മന്ത്രിപദവിയിലിരിക്കുമ്പോഴും ഒഴിഞ്ഞപ്പോഴും ആരോപണം ഉന്നയിക്കാത്തവര്‍ പാര്‍ട്ടി സെക്രട്ടറി പദവി ഏറ്റെടുത്തപ്പോള്‍ കേസുമായി വന്നത് ഇതിന് തെളിവാണ്. കേസ് തീര്‍ക്കാനല്ല അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചത്.
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പറഞ്ഞിരുന്നത്. കേസിനെ നിയമപരമായിത്തന്നെ നേരിട്ടു. ഇതിനെല്ലാം പാര്‍ട്ടി തനിയ്ക്ക് പിന്തുണ നല്‍കി. പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കേസിന്റെ വിധിയിലൂടെ പ്രകടമായതെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :