തൃശൂര്|
സജിത്ത്|
Last Updated:
വെള്ളി, 20 മെയ് 2016 (12:36 IST)
പത്മജ വേണുഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എന്‍ ബാലകൃഷ്ണന്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിന്റെ പേരില്‍ പത്മജ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അവരുടെ അറിവില്ലായ്മ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു
തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ തനിക്കുകൂടി ഉത്തരവാദിത്വമുണ്ട്. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒരിക്കലും മാറി നില്‍ക്കാന്‍ കഴിയില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് കെ പി സി സിയാണ്. അവരുടെ അന്വേഷണത്തില്‍ കുറ്റക്കാരാരെങ്കിലും ഉണ്ടെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള അവകാശവും അവര്‍ക്കുണ്ട്. എന്തുതന്നെയായാലും താനും തേറമ്പില്‍ രാമകൃഷ്ണനും കുറ്റക്കാരുടെ ഗണത്തില്‍ ഉണ്ടാവില്ലെന്നും സി എന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആണെന്നാണ് പത്മജ ആരോപിച്ചിരുന്നു. സ്ഥാനാർത്ഥി തന്നെ നിർദേശങ്ങൾ നൽകി പ്രചരണത്തിന് ഇറങ്ങേണ്ട ഗതികേടായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. പ്രചരണത്തിന് ഇറങ്ങണമെങ്കിൽ നേതാക്കളുടെ പലരുടേയും കാലു പിടിക്കേണ്ടി വന്നു. ആത്മാഭിമാനം കൊണ്ട് പിന്നീട് അത് വേണ്ടെന്ന് വെച്ചു. പ്രചരണത്തിന് വന്ന നേതാക്കളിൽ ചിലർ അഭിനയിക്കുകയായിരുന്നു. ഇത്രയും വോട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ അത് തനിക്ക് വേണ്ടി ഇറങ്ങിയ പ്രവർത്തകർ കാരണമാണെന്നും പത്മജ ആരോപിച്ചിരുന്നു.