പട്ടാളക്കാരെ കണ്ട് ജനം അമ്പരന്നു; പിന്നെ ചായകൊടുത്ത് പറഞ്ഞയച്ചു
എടപ്പാള്‍|
WEBDUNIA|
PRO
PRO
പതിവില്ലാതെ പത്തിലധികം പട്ടാള വണ്ടികള്‍ റോഡില്‍ നിരനിരയായി നിര്‍ത്തിയിട്ടപ്പോള്‍ എടപ്പാളുകാര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. തങ്ങളറിയാതെ നാട്ടില്‍ പട്ടാളം ഇറങ്ങിയെന്ന പരിഭ്രാന്തിയും നാട്ടുകാരില്‍ ഉണ്ടായി. വെള്ളിയാഴ്ച ഉച്ചയോടെ കണ്ടനകം പുള്ളുവന്‍പടിയിലായിരുന്നു പട്ടാളം ഇറങ്ങിയത്.
നാട്ടുകാരില്‍ ചിലര്‍ പട്ടാളക്കാരുടെ അടുത്തെത്തി സംഭവം തിരക്കിയപ്പോഴാണ് സംഗതി മനസിലായത്. പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്കുകളില്‍ ഒന്ന് തകരാറിലായതിനെത്തുടര്‍ന്നാണ് പട്ടാളക്കാര്‍ റോഡിലിറങ്ങിയത്. ഗോവയില്‍ നിന്ന് കൊല്ലത്തേക്കു പോകുന്ന പട്ടാളക്കാര്‍ യാത്ര ചെയ്തിരുന്ന ട്രക്കാണ് എന്‍ജിന്‍ തകരാറിലായി വഴിയില്‍ നിന്നത്.
വണ്ടി നിര്‍ത്തിയതോടെ അതിനു തൊട്ടു പിന്നില്‍ വരികയായിരുന്ന പതിനഞ്ചോളം ട്രക്ക് അവിടെ നിര്‍ത്തി നൂറുകണക്കിന് പട്ടാളക്കാര്‍ റോഡിലേക്കിറങ്ങുകയായിരുന്നു. കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ നാട്ടുകാര്‍ക്കും ആശ്വാസമായി.
തുടര്‍ന്ന് പട്ടാളക്കാര്‍ക്ക പ്രദേശത്തെ കടയില്‍ നിന്നും സോഡ, സര്‍ബത്ത്, ചായ എന്നിവ വാങ്ങി നല്‍കാനും നാട്ടുകാര്‍ തിടുക്കം കാട്ടി. ഏറെ സമയത്തിനു ശേഷം വണ്ടിയുടെ എന്‍ജിന്‍ തകരാര്‍ ശരിയാക്കിയതിനു ശേഷമാണ് പട്ടാളക്കാര്‍ യാത്രയായത്. നൂറോളം ട്രക്കുകളാണ് പട്ടാളക്കാരുമായി ഗോവയില്‍ നിന്നും കൊല്ലത്തേക്ക് തിരിച്ചിരുന്നത്.