പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ചു

പട്ടാഴി| WEBDUNIA|
PTI
പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ചു തമിഴ്‌നാട്‌ സ്വദേശിയായ തൊഴിലാളി മരിച്ചു. ഉടമയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്‌ സത്തൂര്‍ താലൂക്ക്‌ വിരുദുനഗര്‍ ഇന്ദിരാ നഗറില്‍ പരമശിവം (32) ആണു മരിച്ചത്‌. പടക്കനിര്‍മാണശാല ഉടമ പട്ടാഴി തെക്കേത്തേരി കോടിയാട്ടു വീട്ടില്‍ അജയന്റെ (കല്ലറ അജയന്‍) ഭാര്യ ഷൈലജ (53), തൊഴിലാളികളായ വിരുദുനഗര്‍ ഇന്ദിരാ നഗര്‍ സ്വദേശികളായ മനിരാജ്‌ (23), ചിന്നരാജ്‌ (30), പൊന്നുസ്വാമി (47), പെരിയസ്വാമി (49) എന്നിവര്‍ക്കാണു പരുക്ക്‌.

പട്ടാഴി കന്നിമേല്‍ കോടിയാട്ട്‌ കുന്നിന്‍ചരുവിലെ വിജനമായ പ്രദേശത്തെ പടക്കനിര്‍മാണശാലയിലായിരുന്നു സ്ഫോടനം. ഇരുമ്പുപട്ടയും ഷീറ്റുംകൊണ്ടു നിര്‍മിച്ച പടക്കനിര്‍മാണശാല പൂര്‍ണമായി തകര്‍ന്നു. കത്തിയമര്‍ന്ന വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ ഇവിടെ ബാക്കിയുള്ളത്‌.

ഉടമയുടെ വീടിന്‌ ഇരുന്നൂറോളം മീറ്റര്‍ അകലെയാണു പടക്കനിര്‍മാണശാല. പുതുവര്‍ഷ പിറവിയും ഉല്‍സവ സീസണും പ്രമാണിച്ച്‌ ഇവിടെ ഞായറാഴ്ചയും പടക്കനിര്‍മാണം നടക്കുകയായിരുന്നു. തൊഴിലാളികളെ ആഹാരം കഴിക്കാന്‍ രണ്ടു തവണ വിളിച്ചിട്ടും കാണാതിരുന്നതിനെ തുടര്‍ന്നു ഷൈലജ തിരക്കി ചെന്നപ്പോഴാണു പൊട്ടിത്തെറിയുണ്ടായത്‌.

രണ്ടുതവണ ഉഗ്രസ്ഫോടനമുണ്ടായി. പ്രദേശത്തെ ഒട്ടേറെ വീടുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ഗതാഗത സൗകര്യമില്ലാത്ത കുന്നിന്‍ചരുവിലെ അപകടസ്ഥലത്തുനിന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി.

ഏതാനും ദിവസം മുന്‍പ്‌ ഇവിടെ പരിശോധന നടത്തിയ പൊലീസ്‌ മതിയായ സുരക്ഷാ ക്രമീകരണം ഇല്ലാത്തതിനാല്‍ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യണമെന്നുള്ള ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട്‌ കലക്ടര്‍ക്കു നല്‍കാന്‍ റൂറല്‍ പൊലീസ്‌ സൂപ്രണ്ടിനു കൈമാറിയിരുന്നു. സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആര്‍ഡിഒയെ ജില്ലാ കലക്ടര്‍ ബി. മോഹനന്‍ ചുമതലപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :