പകര്‍ച്ചപ്പനിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം| WEBDUNIA|
പകര്‍ച്ചപ്പനി തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു. പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആയിരുന്നു അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്. അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോകുകയായിരുന്നു.

സംസ്ഥാനത്തു രണ്ടു ലക്ഷത്തിലധികം പനി ബാധിതരുണ്ടെന്നും ഇവരില്‍ 500ല്‍ അധികം പേര്‍ എച്ച്‌ 1 എന്‍ 1 ബാധിച്ചവരാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യവകുപ്പ്‌ നാഥനില്ലാ കളരിയായി മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി താണ്ഡവമാടുമ്പോള്‍ ആരോഗ്യമന്ത്രി വിദേശയാത്ര നടത്തുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.

അതേസമയം, പകര്‍ച്ചപ്പനിക്കെതിരെ സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്‌തമാക്കിയതായി ആരോഗ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി എളമരം കരീം മറുപടി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഒരു മാസത്തേക്കു വേണ്ട മരുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പനി ബാധിതരുടെ എണ്ണം നാലു ലക്ഷത്തോളമായിരുന്നെങ്കില്‍ ഈ വര്‍ഷം അതു പകുതിയായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വിദേശയാത്ര മുന്‍കൂട്ടി നിശ്ചയിച്ചതാണ്‌. മന്ത്രിമാരുടെ യാത്രയെ പരിഹാസത്തോടെ കാണരുതെന്നും ആരോഗ്യമന്ത്രിയുടെ വിദേശയാത്ര ഉയര്‍ത്തി പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും കരീം ആരോപിച്ചു.

അടിയന്തിര പ്രമേയ നോട്ടീസിന് എളമരം കരീം മറുപടി നല്കിയതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :