നേവിയിലെ പീഡന ആരോപണം: യുവതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ യുവതി സുപ്രീംകോടതിയെ സമീപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് യുവതി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേവിയുടെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഒറീസക്കാരനായ നേവല്‍ ലഫ്റ്റനന്റ് രവി കിരണിന്റെ ഭാര്യയായ ഇവര്‍ ലൈംഗികപീഡനം ആരോപിച്ച് കൊച്ചി ഹാര്‍ബര്‍ പൊലീസിലും ഡല്‍ഹി പൊലീസിലും ഒപ്പം നേവിയ്ക്കും പരാതി നല്‍കിയിരുന്നു.

ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. സുഹൃത്തുക്കളായ നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് തന്നെ ഒരു മുറിയിലിട്ട് പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. മാനഭംഗത്തിനും ശ്രമിക്കുകയും മുടിമുറിക്കുകയും വസ്ത്രം കീറുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച തന്നെ ഭര്‍ത്താവ് പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നും 27കാരിയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതി കുടുംബവഴക്കിന്റെ ഭാഗമാണെന്ന് ആദ്യം പ്രതികരിച്ച നേവി അധികൃതര്‍ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :