നേതൃമാറ്റം അജണ്ടയിലില്ല, എന്നാല്‍ ചില തിരുത്തലുകള്‍ വേണം, മന്ത്രിയാണോ എന്നൊന്നും വിജിലന്‍സ് നോക്കില്ല - ചെന്നിത്തല

രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, ബാബു, മാണി, ബാര്‍
തിരുവനന്തപുരം| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (12:47 IST)
യു ഡി എഫ് ഭരണത്തില്‍ നേതൃമാറ്റം എന്നത് ഇപ്പോള്‍ അജണ്ടയിലുള്ള കാര്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ മുന്നോട്ടുള്ള പോക്കിന് ചില തിരുത്തലുകള്‍ ആവശ്യമാണ്. ഒറ്റക്കെട്ടായി മുമ്പോട്ടുപോയാല്‍ യു ഡി എഫിന് അടുത്ത തെരഞ്ഞെടുപ്പിലും തിരിച്ചുവരാനാകുമെന്നും ചെന്നിത്തല വിശ്വാസം പ്രകടിപ്പിച്ചു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. നാലുവര്‍ഷം ഭരിക്കുമ്പോള്‍ പാളിച്ചകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭരണത്തിലെ വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകണം. പ്രതിപക്ഷ വിമര്‍ശനത്തിന് കൂടുതല്‍ വഴി കൊടുക്കാതെ, ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്ത് മുമ്പോട്ടുപോകണം. ജനവിശ്വാസം കൂട്ടാന്‍ ആവശ്യമായ നടപടി എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സത്യമുണ്ടോ എന്ന് പരിശോധിക്കുകയാണ്. ആരോപണം കണ്ടില്ലെന്ന് നടിക്കുകയല്ല ചെയ്തത്. ആരോപണം ഉയര്‍ന്നു എന്നതുകൊണ്ട് മന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടതില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനങ്ങളില്‍ നിന്ന് മാറിയവരും മാറാത്തവരും ഉണ്ട്. ഒരു അന്വേഷണം ആരംഭിക്കുമ്പോള്‍ ആരോപണവിധേയനായ വ്യക്തി മന്ത്രിയാണോ എന്നൊന്നും വിജിലന്‍സ് നോക്കുന്നില്ല. അങ്ങനെ നോക്കിയല്ല വിജിലന്‍സ് കേസ് അന്വേഷിക്കുന്നത്. തെളിവുകിട്ടിയാല്‍ മാത്രമേ എഫ് ഐ ആര്‍ എടുക്കൂ എന്നും ചെന്നിത്തല പറഞ്ഞു.

ബാബുവിനും മാണിക്കും രണ്ടുനീതിയാണ് നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ വിജിലന്‍സ് അന്വേഷണം വരുന്നത് കോടതി ഇടപെടലുകള്‍ അനുസരിച്ചാണെന്നും നടപടികള്‍ എടുക്കാന്‍ ചില ചട്ടങ്ങള്‍ ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :