നെടുമ്പാശ്ശേരി സ്വര്‍ണകടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍?, ഉന്നതരുമായി ബന്ധമില്ലെന്ന് ഫയാസ്

കണ്ണൂര്‍| WEBDUNIA|
PRO
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസിന് ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

രണ്ട് അക്ഷരങ്ങളുടെ ചുരുക്കപ്പേരില്‍ അറിയുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫുമായി ഫയാസ് നിരന്തരം ബന്ധപ്പെട്ടിരുന്നതെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ കസ്റ്റംസിന് ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കെപിസിസി നേതാവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രേഖകളും ലഭിച്ചതായാണ് സൂചന.

ഫയാസിന്‍റെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മനുഷ്യക്കടത്ത് സംഘവുമായി ഫയാസിന് ബന്ധമുള്ളതായും സംശയമുണ്ട്.

തന്നെ കേസില്‍പ്പെടുത്തിയതാണെന്നും ഉന്നതരെ അറിയില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ഫയാസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അറസ്റ്റിനു തൊട്ടുമുന്‍പ് ഫായിസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഫായിസ് നിഷേധിച്ചത്.

ഫയാസിന്റെ സുഹൃത്ത് അഷ്‌റഫിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. അഷ്‌റഫിന്റെ തലശേരിയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളക്കടത്തില്‍ പങ്കുള്ളതിന്റെ രേഖകള്‍ കണ്ടെത്തി.

ഫയാസുമായി അടുത്ത ബന്ധമുള്ളവരുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. ഫയാസിന് ഒരു സിബിഐ ഉദ്യോഗസ്ഥനുമായും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍മാരുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫയാസിനെ കൊച്ചിയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് മുഖ്യ കണ്ണിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു മാസത്തിനിടെ 16 കോടി രൂപയുടെ സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :