നിലമ്പൂര്‍ കൊല: ആര്യാടന്‍ ആസാദിനെ ചോദ്യം ചെയ്തു

നിലമ്പൂര്‍| WEBDUNIA|
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഉന്നതങ്ങളിലേക്ക്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ ബന്ധുവായ ആര്യാടന്‍ ആസാദിനെ പൊലീസ് ചോദ്യം ചെയ്തു. ആര്യാടന്‍ മുഹമ്മദിന്‍റെ സഹോദരപുത്രനാണ് ആര്യാടന്‍ ആസാദ്.

ആര്യാടന്‍ ആസാദിനെ നിലമ്പൂര്‍ സി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഓഫീസിലെ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ആര്യാടന്‍ ആസാദിന്‍റെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു.

അതേസമയം, രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. മുന്‍കാല ചെയ്തികള്‍ വച്ച് നോക്കുമ്പോള്‍ നടന്ന സംഭവങ്ങളില്‍ എല്ലാം ഒരു ആര്യാടന്‍ ടച്ച് കാണാമെന്നും പിണറായി ആരോപിച്ചു. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുകയാണ് ആര്യാടന്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ അന്വേഷണ സംഘത്തെയും പിണറായി വിമര്‍ശിച്ചു. കേസ് അന്വേഷണ സംഘത്തെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാധയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ സംഘത്തലവന്‍ ഐ ജി ഗോപിനാഥ് വാടകയ്‌ക്കെടുത്ത ആളെ പോലെയാണ് പെരുമാറുന്നത്. അന്വേഷണം വനിതാ ഐജിയെ ഏല്‍പ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു

കേരള രക്ഷാമാര്‍ച്ചിനിടെയാണ് പിണറായി രാധയുടെ വീട് സന്ദര്‍ശിച്ചത്. പ്രതികള്‍ രണ്ട് പേര്‍ മാത്രമല്ലെന്ന് ഈ നാട്ടുകാര്‍ക്കറിയാം. യാഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തിന് സിപിഎമ്മില്‍നിന്ന് ഏത് സഹായവും രാധയുടെ കുടുംബത്തിനുണ്ടാകുമെന്നും പിണറായി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :