നിരുപാധികം മാപ്പു ചോദിക്കുന്നു: ജയറാം

ചെന്നൈ| WEBDUNIA|
PRO
ഒരു സ്വകാ‍ര്യ മലയാള ടെലിവിഷന്‍ ചാനലില്‍ നടത്തിയ പരാമര്‍ശം തമിഴ് ജനതയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുകയാണെന്ന് ചലച്ചിത്ര നടന്‍ ജയറാം പറഞ്ഞു. അടുത്തിടെ താന്‍ അഭിനയിച്ച ഒരു മലയാള സിനിമയെക്കുറിച്ച് ഒരു സ്വകാര്യ മലയാളം ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ തമാശയായിപ്പറഞ്ഞ കാര്യം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും മാപ്പപേക്ഷിച്ചു കൊണ്ട് ജയറാം പറഞ്ഞു. ഇത് ആരെയെങ്കിലും, പ്രത്യേകിച്ച് തന്‍റെ തമിഴ് സഹോദരിമാരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ തലകുനിച്ച് കരംകൂപ്പി മാപ്പ്‌ ചോദിക്കുകയാണെന്നും ജയറാം പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷമായി താന്‍ സിനിമയിലുണ്ടെന്നും തന്‍റെ മാതൃഭാഷ തമിഴാണെന്നും ജയറാം പറഞ്ഞു. ഇന്നുവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു വരവേറ്റ തമിഴ് സഹോദരങ്ങളെ തനിക്കെങ്ങനെയാണ് വേദനിപ്പിക്കാന്‍ കഴിയുകയെന്നും ജയറാം ചോദിച്ചു. തമിഴ് സഹോദരങ്ങളെ അപമാനിക്കുന്നത് തന്‍റെ അമ്മയെ അപമാനിക്കുന്നതിനു സമമാണെന്നും അദേഹം പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയ ജയറാമിന്‍റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ജയറാമിന്‍റെ ഭാര്യ പാര്‍വതിയും വേലക്കാരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അതേസമയം ജയറാമിനു നേരേയെങ്ങാനും ആക്രമണമുണ്ടാകുമോയെന്ന ഭീതിയിലാണ് പാര്‍വതിയും മക്കളും. ഇപ്പോള്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടാണ് ജയറാം ഉള്ളത്. ജയറാം ഇന്ന് ചെന്നൈയിലെ വീട്ടിലെത്തിയേക്കും.അ

അതേസമയം ജയറാമിന്‍റെ ചെന്നൈയിലെ വീട് ആക്രമിച്ച കേസില്‍ പോലീസ് 12 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം, കൊലപാതക ഭീഷണി എന്നീ വകുപ്പുകള്‍ക്കു കേസെടുത്തു. നാം തമിഴര്‍ ഇയക്കം പ്രവര്‍ത്തകരെന്നു പറയുന്ന ഡേവിഡ്‌പെരിയര്‍ (28), അതിയമ്മന്‍ (41), ഇളദേവന്‍ (35), തമിഴ് തെരിയന്‍ (34), മണികണ്ഠന്‍ (29), ഡേവിഡ് (37)ബാലമുരളി (26), സതീഷ്‌കുമാര്‍ (25), എന്നിവരുള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :