നാഷണല്‍ ജ്യോഗ്രഫി ടീമിന് കേരളത്തില്‍ തല്ല്!

മലപ്പുറം| WEBDUNIA|
നാഷണല്‍ ജ്യോഗ്രഫി ചാനലിന്‍റെ പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ തല്ല്. ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി കേരളത്തിലെത്തിയ നാഷണല്‍ ജ്യോഗ്രഫി ചാനലിന്‍റെ സംഘത്തെയാണ് മലപ്പുറത്തു വച്ച് നാട്ടുകാര്‍ പെരുമാറിയത്. കുളക്കടവില്‍ കുളിച്ചു കൊണ്ടു നിന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ലോകപ്രശസ്തനായ ഡോക്യുമെന്‍ററി സംവിധായകന്‍ പോള്‍ നെല്‍‌സണും നാട്ടുകാരുടെ കയ്യുടെ ചൂട് അറിഞ്ഞവരില്‍ പെടുന്നു.

ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നറിയപ്പെടുന്ന കൊടിഞ്ഞിയില്‍ അതേക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കാനാണ് നാഷണല്‍ ജ്യോഗ്രഫി സംഘം എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് എടയപ്പാലത്ത് കുളക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്ന രംഗം സംഘം ക്യാമറയിലാക്കിയത്. ഇതു കണ്ടുവന്ന നാട്ടുകാര്‍ സംഘത്തെ വളഞ്ഞു വച്ച് മര്‍ദ്ദിക്കുകയായിരുന്നു.

കുളക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സംഘം ശ്രമിച്ചപ്പോള്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ തന്നെ അത് വിലക്കിയിരുന്നു. എന്നാല്‍ അതു കാര്യമാക്കാതെ പോള്‍ നെല്‍സണും കൂട്ടരും ചിത്രീകരണം തുടരുകയായിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ സംഘത്തെ ആക്രമിക്കുകയും അവര്‍ ചിത്രീകരിച്ച വീഡിയോ ടേപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.

നാഷണല്‍ ജ്യോഗ്രഫി ചിത്രീകരണ സംഘത്തിനെതിരെയും അവരെ ആക്രമിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :