നാദാപുരം സ്ഫോടനം: പ്രതിപക്ഷനേതാവ് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
നാദാപുരം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതാവ് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. നാദാപുരം കേന്ദ്രീകരിച്ച് യു ഡി എഫ് വന്‍തോതില്‍ ബോംബ് നിര്‍മ്മാണം തുടങ്ങിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ യു ഡി എഫ് ശ്രമിക്കുകയാണെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരിക്കാട്ടേരി സംഭവത്തിലൂടെ പുറത്തായിരിക്കുന്നത്‌ യു ഡി എഫിന്റെ ഗൂഡാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ്‌ നേതാവിനെതിരായ കേസില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനും തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം അഴിച്ചുവിടാനുമാണ്‌ യു ഡി എഫ്‌ മുന്‍കൈയ്യില്‍ ലീഗിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ പത്തുവര്‍ഷം കഴിഞ്ഞ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. പി എസ് സി ജില്ലാനിയമനങ്ങളില്‍ അതാത് ജില്ലയിലുള്ളവര്‍ക്ക് അഞ്ചു ശതമാനം വെയിറ്റേജ് നല്കുന്നതായിരിക്കും. വിഴിഞ്ഞം പദ്ധതിക്കായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 1,490 കോടി രൂപ കടമെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്കും. കരിക്കകം സ്കൂള്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ കുട്ടികളുടെയും ആയയുടെയും കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവീതം ധനസഹായം നല്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1, 919 നിയമനങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :