നദീസംയോജന പദ്ധതി നടപ്പിലാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. നദീസംയോജനം നടപ്പിലായാല്‍ കേരളം ഇതുപോലെ ഉണ്ടാകില്ലെന്ന് വി എസ്. പമ്പയടക്കം പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍ കിഴക്കോട്ട് ഒഴുകണമെന്നത് തമിഴ്നാടിന്റെ ആവശ്യമാണ്. ഇതിന് അനുകൂലമായ വിധത്തിലാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നദീസംയോജന നീക്കം കേരളത്തിന്റെ പരിസ്ഥിതിയെ തന്നെ തകര്‍ക്കും. ഇതിനെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
നദീസംയോജന പദ്ധതി നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രനും മുന്നോട്ടു വന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.