നക്സല്‍വര്‍ഗീസ് വധം: അന്തിമവാദം ഇന്നുമുതല്‍

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2010 (09:56 IST)
നക്സല്‍ വര്‍ഗീസ് വധക്കേസിന്‍റെ അന്തിമവാദം ഇന്നു ആരംഭിക്കും. കൊച്ചിയിലെ സി ബി ഐ കോടതിയില്‍ ആണ് അന്തിമവാദം ആരംഭിക്കുക. കേസില്‍ ഈ മാസം തന്നെ അന്തിമവിധി ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സംഭവം നടന്ന്‌ 40 വര്‍ഷത്തിനുശേഷമാണ്‌ കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്‌.

1970 ഫെബ്രുവരി 18നാണ്‌ വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ നക്സല്‍ നേതാവ്‌ വര്‍ഗീസ്‌ വെടിയേറ്റു കൊല്ലപ്പെട്ടത്‌. പതിറ്റാണ്ടുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ 1990ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ്‌ കേസിന്‌ പുതിയ മാനം കൈവന്നത്‌. വര്‍ഗീസ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ച്‌ വര്‍ഗീസിനെ താന്‍ വെടിവെച്ചു കൊന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്നു കേസ്‌ അന്വേഷിച്ച സി ബി ഐ പൊലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കമുളളവരെ പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു. പഴയകാല നക്സല്‍ നേതാക്കളായ അജിത, ഗ്രോവാസു എന്നിവരടക്കം 71 പേരായിരുന്നു സാക്ഷികള്‍. ഇവരില്‍ നാലുപേര്‍ ജീവിച്ചിരുപ്പില്ല.

മുന്‍ ഡി ജി പി വിജയനും മുന്‍ ഐജി ലക്ഷ്മണയും കേസില്‍ പ്രതികളാണ്‌. മുന്‍ ഡിജിപി,ഐജി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കൊലപാതക കേസെന്ന പ്രത്യേകതയും ഈ കേസിനുണ്ട്‌. വര്‍ഗീസിനോട്‌ ഭരണ നേതൃത്വത്തിനുളള പകയാണ്‌ കൊലപാതകത്തിന്‌ കാരണമെന്നാണ് സി ബി ഐ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :