നക്സല്‍ വര്‍ഗീസ്‌ വധം: വിധി 27ന്

കൊച്ചി| WEBDUNIA|
നക്സല്‍ വര്‍ഗീസ് വധക്കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 27ന് വിധി പറയും. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസ് കോടതി വിധി പറയാനായി മാറ്റുകയായിരുന്നു.

വര്‍ഗീസിന്‍റെ കൊലപാതകം കെട്ടുകഥയായി കാണാനാകില്ലെന്ന് വാദത്തിനിടെ സി ബി ഐ കോടതിയെ ബോധിപ്പിച്ചിരുന്നു. വര്‍ഗീസിനെ വെടിവച്ചു കൊന്നതാണെന്ന്‌ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്‌മൂലം നല്‍കിയിരുന്നതായും സി ബി ഐ കോടതിയെ അറിയിച്ചു.

നക്‌സല്‍ വര്‍ഗീസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ വെടിവച്ചു കൊല്ലുകയായിരുന്നെന്ന്‌ പ്രത്യേക സി ബി ഐ കോടതിയെ കേസിന്‍റെ അന്തിമ വാദത്തിനിടെ സി ബി ഐ ബോധിപ്പിച്ചിരുന്നു. കേസിലെ മറ്റ്‌ പ്രധാന സാക്ഷികളായ വര്‍ഗീസിന്‍റെ സഹോദരന്‍ തോമസ്‌, പ്രഭാകര വാര്യര്‍, ഗ്രോ വാസു, ജോഗി, കരിമ്പന്‍, അജിത എന്നിവരുടെ മൊഴിയിലും വര്‍ഗീസിനെ വെടിവച്ചുകൊന്നെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നതെന്നും സി ബി ഐ കോടതിയില്‍ പറഞ്ഞു.

വര്‍ഗീസിനെ വിട്ടയച്ചെന്നോ കസ്റ്റഡിയില്‍ നിന്ന്‌ ഓടിപ്പോയെന്നോ പൊലീസ്‌ പറയുന്നില്ല. ഇതില്‍നിന്ന്‌ മനസിലാകുന്നത്‌ വര്‍ഗീസ്‌ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ്‌ മരിച്ചെന്നാണ്‌. താനാണ്‌ വര്‍ഗീസിനെ വെടിവച്ചു കൊന്നതെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരായ കെ ലക്ഷ്‌മണയുടെയും പി വിജയന്‍റെയും ഭീഷണിക്ക്‌ വഴങ്ങിയാണ്‌ വെടിവെച്ചതെന്നും രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ സി ബി ഐ കോടതിയില്‍ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി നിര്‍ദേശപ്രകാരം കമ്മീഷന്‍ മുഖേന മൊഴി നല്‍കിയ 21-ാ‍ം സാക്ഷി മുഹമ്മദ്‌ ഹനീഫ രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ വെടിവച്ച്‌ കൊല്ലുന്നത്‌ നേരിട്ട്‌ കണ്ടതായി പറഞ്ഞിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :