വയനാട്|
WEBDUNIA|
Last Modified വെള്ളി, 17 ജൂലൈ 2009 (20:54 IST)
ഈ മഴക്കാലത്ത് നാല്പത് കോടിയുടെ കൃഷിനാശമാണ് മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് വിലയിരുത്തല്‍. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ദുരിതം വിതയ്ക്കുകയായിരുന്നു മഴ. കൃഷിഭൂമി ഇല്ലാതാകുന്നതുപോലെ, അതായത് ഉപയോഗയോഗ്യമല്ലാതാകുന്നതു പോലെയുള്ള അവസ്ഥകള്‍ ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിശദമായ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടെന്നറിയുന്നു.
പൊതുമരാമത്ത് വകുപ്പിന് ഈ മഴക്കാലത്ത് 5.63 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെയുണ്ടായത്. വടക്കന്‍ ജില്ലകളുടെ പലഭാഗത്തും റോഡുകള്‍ തകര്‍ന്നു. മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസം ദിവസങ്ങളോളം ഉണ്ടായി.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്ന് നാലു പേര് മരിച്ചു. അഞ്ചു പേരെ കാണാതായി. വയനാട് മേഖലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞു. മന്ത്രി കെ പി രാജേന്ദ്രന് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വെള്ളമുണ്ടെയില് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട ചീരയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
മഴയ്ക്ക് ശമനമുണ്ടെങ്കിലും വയനാട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ഇടുക്കി ജില്ലയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. കൊച്ചി - മധുര ദേശീയപാതയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു. 250 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായാണ് വിവരം.