ദുരന്തരാത്രിയില്‍ പുല്ലുമേട്ടില്‍ നടന്നത്

ഉപ്പുപാറ| WEBDUNIA|
PRO
ഉപ്പുപാറ പുല്ലുമേട്ടില്‍ നിന്ന് മകരജ്യോതി കണ്ട് സായൂജ്യമടഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ തങ്ങള്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നതെന്ന് ഒരിക്കലും കരുതിക്കാണില്ല. പുല്ലുമേട്ടിലേക്ക് അയ്യപ്പഭക്തരെ എത്തിക്കുന്ന ഒരു ജീപ്പ് കേടായതാണ് മഹാദുരന്തത്തിനു കാരണമായത്. മകരജ്യോതി കണ്ട് വഴിയില്‍ തിങ്ങിനിറഞ്ഞ് നടന്നുവരികയായിരുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ കേടായ ജീപ്പ് സ്റ്റാര്‍ട്ടാക്കാന്‍ മറ്റൊരു ജീപ്പ് ഉപയോഗിച്ച് മുന്നോട്ട് തള്ളുകയായിരുന്നു. തള്ളിയത് അല്‍‌പം ശക്തിയില്‍ ആയതിനാല്‍ ന്യൂട്രലില്‍ ആയിരുന്ന കേടായ ജീപ്പ് മുന്നോട്ട് പായുകയും തീര്‍ത്ഥാടകര്‍ തിങ്ങിനിറഞ്ഞുനടന്നിരുന്ന വഴിയരുകിലേക്ക് മറിയുകയുമായിരുന്നു.

ജീപ്പ് അയ്യപ്പഭക്തര്‍ക്ക് മുകളിലേക്ക് മറിഞ്ഞതോടെ പുല്ലുമേട്ടില്‍ നിലവിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ കൂട്ടപ്പലായനം ആരംഭിച്ചു. പലരും എന്താണ് നടക്കുന്നത് എന്ന് അറിയാതെയാ‍ണ് ഓടിയത്. എന്തോ ദുരന്തം നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം എന്നുമായിരുന്നു തീര്‍ത്ഥാടകരുടെ മനസ്സില്‍. അതിനിടയില്‍ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്നും ഭീകരാക്രമണം നടക്കുന്നുണ്ടെന്നും ഒക്കെ പലരും ഊഹക്കച്ചവടം നടത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പരിഭ്രാന്തരായ ഭക്തര്‍ തലങ്ങും വിലങ്ങും ഓടിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം ജീവനാണ് പൊലിഞ്ഞത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്‌ അപകടം നടന്നതെങ്കിലും, ഇവിടെ ഫോണ്‍ - വൈദ്യുതി ബന്ധം പരിമിതമായതിനാല്‍ പുറംലോകം ദുരന്തമറിയാന്‍ വൈകി. വണ്ടിപ്പെരിയാറില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനായി രണ്ടര ലക്ഷത്തോളം അയ്യപ്പഭക്‌തര്‍ ക്യാമ്പ്‌ ചെയ്‌തിരുന്നു. ചെറുവാഹനത്തിനു മാത്രം കടന്നുപോകാവുന്ന കാട്ടുവഴിയിലൂടെ ആയിരക്കണക്കിന്‌ അയ്യപ്പഭക്‌തരും വാഹനങ്ങളും ഒരുമിച്ചു തിരിച്ചിറങ്ങുകയായിരുന്നു. ഭക്തരുടെ തിരക്ക്‌ നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങളോ ക്രമീകരണങ്ങളോ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല.

ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ഇപ്പോള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്താന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. മുഖ്യമന്ത്രി തലസ്ഥാനത്തുനിന്ന് ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കളക്‌ടര്‍, എസ്പി എന്നിവരുടെ നേതൃത്വത്തില്‍ സംഘം അപകടസ്ഥലത്തെത്തി. ഡിജിപി ജേക്കബ്‌ പുന്നൂസും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്‌.

ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍: 04869 222049, 04869 253456, 04869 252244





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :