ദീപകിന്റെയും ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കാഠ്‌മണ്ഡു| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (08:53 IST)
നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്ടര്‍മാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രിയോടെ ആയിരിക്കും ഡോ ദീപക് കെ തോമസിന്റെയും ഡോ ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. അതേസമയം, നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 13 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂകമ്പത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ കാണാതായ ഡോ ദീപക് കെ തോമസും ഡോ ഇര്‍ഷാദും മരിച്ചതായി കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. ജൂലൈ 26ന് വിവാഹിതനാകാന്‍ ഇരിക്കെയാണ് ഇര്‍ഷാദ് മരണത്തിലേക്ക് പോയത്.

2013 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഠനം പൂര്‍ത്തിയാക്കിയ അബിന്‍ സൂരിയും ഇര്‍ഷാദും മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിലായിരുന്നു ഡോക്ടര്‍മാരായി സേവനം തുടങ്ങിയത്. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യകേന്ദ്രത്തിലും ജോലി ചെയ്തു വരികയായിരുന്നു. ഉന്നതപഠനത്തിന് പ്രവേശനം ലഭിച്ച മൂവരും പഠനത്തിനായി പോകുന്നതിനു മുമ്പ്
പോയ വിനോദയാത്രയാണ് രണ്ടു പേരുടെ മരണത്തില്‍ കലാശിച്ചത്.

കാസര്‍കോട് ആനബാഗിലുവില്‍ എ എന്‍ ഷംസുദ്ദീന്റെയും എം എ ആസ്യയുടെയും മകനാണ് ഇര്‍ഷാദ്. കണ്ണൂര്‍ കേളകം സ്വദേശിയായ ഡോ ദീപക് കളപ്പുരയ്ക്കലില്‍ തോമസിന്റെയും മേരിയുടെയും മകനാണ്. വടകര പൂവാടന്‍ ഗേറ്റ് സൗപര്‍ണികയില്‍ പരേതനായ കെ കെ സുരേന്ദ്രന്റെയും മാനന്തവാടി ഗവ കോളേജ് പ്രിന്‍സിപ്പല്‍ അനിതകുമാരിയുടെയും മകനാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ട അബിന്‍ സൂരി‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :