തേക്കടി ദുരന്തം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തേക്കടി| WEBDUNIA| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2009 (09:15 IST)
PRO
തേക്കടിയില്‍ ദുരന്തത്തില്‍ പെട്ട കെടിഡിസിയുടെ ജലകന്യക ബോട്ട്‌ നിര്‍മിച്ച ചെന്നൈ വിഘ്നേഷ്‌ മറൈന്‍ ടെക്നിക്കല്‍ സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എന്‍.എ. ഗിരിയെയും ബോട്ടിന് സുരക്ഷിതത്വ പരിശോധന നടത്തിയ ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ്‌ ഷിപ്പിംഗ് പ്രിന്‍സിപ്പല്‍ സര്‍വേയര്‍ കെ.കെ. സഞ്ജീവിനെയും അന്വേഷണച്ചുമതലയുള്ള ക്രൈം ബ്രാഞ്ച്‌ സംഘം അറസ്റ്റ്‌ ചെയ്‌തു. ഐജി ആര്‍ ശ്രീലേഖയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്.

ഇന്നലെ ബോട്ടിന്‍റെ നിര്‍മ്മാണപ്പിഴവ് പരിശോധിക്കാനായി വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി എത്തിയ ഇരുവരെയും രാത്രി ഏഴരയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു‌. പരിശോധന നടത്താതെ ബോട്ടിനു സ്ഥിരതാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതിനാണു സഞ്ജീവിനെ അറസ്റ്റ്‌ ചെയ്‌തത്‌.

ക്രിമിനല്‍ ശിക്ഷാനിയമം 304 അനുസരിച്ചു മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ്‌ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്‌. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോട്ട്‌ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്കര്‍ അനീഷ്‌, ചീഫ്‌ ബോട്ട്‌ ഇന്‍സ്പെക്ടര്‍ എം. മാത്യൂസ്‌, വനംവകുപ്പ്‌ ഗേറ്റ്‌ വാച്ചര്‍ പ്രകാശ്‌ എന്നിവരെ നേരത്തേ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ബോട്ട് ഡിസൈന്‍ ചെയ്തതനുസരിച്ചായിരുന്നില്ല നിര്‍മ്മാണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണസമയത്ത് തന്നെ ബോട്ടിനു 2.1 ഡിഗ്രി ചരിവുണ്ടായിരുന്നതായി ഇന്നലെ പരിശോധനയില്‍ വ്യക്തമായി.

കൊച്ചി ശാസ്‌ത്ര-സാങ്കേതിക സര്‍വകലാശാലാ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗം തലവന്‍ ഡോ. എസ്‌.കെ. പ്യാരിലാല്‍, മര്‍ക്കൈന്റല്‍ മാരിടൈം വകുപ്പ്‌ പ്രതിനിധി എം.പി. ജോണ്‍, ബോട്ട്‌ ഡിസൈനര്‍ പ്രൊഫ. അനന്തസുബ്രഹ്മണ്യം, ഐജി ശ്രീലേഖ, ഫോറന്‍സിക്‌ വിഭാഗം ഡയറക്ടര്‍ ഡോ. ജയിംസ്‌ ഫിലിപ്പോസ്‌, ജോയിന്റ്‌ ഡയറക്ടര്‍ കെ. മോഹന്‍, എസ്പി പി.എ. വത്സന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :