തീവ്രവാദകേസ്: വിചാരണ തുടങ്ങി

കണ്ണൂര്‍| WEBDUNIA|
സംസ്ഥാനത്തെ തീവ്രവാദവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളുടെ വിചാരണ തലശേരി അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ തുടങ്ങി. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ലഷ്‌കര്‍-ഇ-തൊയ്ബ അടക്കമുള്ള വിദേശഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് വിചാരണ ആരംഭിച്ചിരിക്കുന്നത്.

കൊച്ചി, കോഴിക്കോട്‌ സ്ഫോടനങ്ങള്‍, ഭീകരര്‍ക്കു പരിശീലനം നല്‍കിയ വാഗമണ്‍ ക്യാമ്പ്‌, ബംഗ്ലൂരില്‍ നടന്ന സ്ഫോടനങ്ങള്‍‍, കശ്മീരിലെ ഭീകരത്താവളങ്ങളിലേയ്ക്ക്‌ മലയാളികള്‍ റിക്രൂട്ട്‌ ചെയ്യപ്പെട്ട സംഭവം തുടങ്ങിയവയുടെ പൂര്‍ണ വിവരങ്ങള്‍ വിചാരണ കഴിയുന്നതോടെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെയുള്ള 22 പ്രതികളില്‍ ഏഴ്‌ പേരുടെ വിചാരണയാണ്‌ ആദ്യം നടക്കുക.

ആറാം പ്രതി കണ്ണൂര്‍ സ്വദേശി മുഹമ്മദ്‌ നൈനാര്‍, പന്ത്രണ്ടാം പ്രതി ഏറണാകുളം വെള്ളറകോടത്ത്‌ വീട്ടില്‍ ഫിറോസ്‌, പതിനാലാം പ്രതി തയ്യില്‍ ഷഫാസ്‌, പതിനാറാം പ്രതി എറണാകുളം സ്വദേശി പെരുമ്പാവൂര്‍ സാബിര്‍ പി ബുഹാരി, പതിനേഴാം പ്രതി വി കെ അനസ്‌, പതിനെട്ടാം പ്രതി ആനയിടുക്ക്‌ ഷെനീജ്‌, പത്തൊമ്പതാം പ്രതി മട്ടാഞ്ചേരി സ്വദേശി പനയപ്പള്ളി അബ്‌ദുള്‍ ഹമീദ്‌ എന്നിവരുടെ വിചാരണയാണ്‌ ആദ്യം നടക്കുക.

അതേസമയം, ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടു ബാംഗ്ലൂരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരുടെ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും. വിചാരണ ആരംഭിക്കുന്ന പശ്ചാലത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കോടതിയിലും, കോടതി പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സുരക്ഷാ ചുമതലയുള്ള അനൂപ്‌ കുരുവിള ജോണ്‍ ഐ പി എസ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :