തിരുവനന്തപുരത്ത് 4 ഇടങ്ങളില്‍ പൈപ്പ് പൊട്ടി, അട്ടിമറിയെന്ന് സൂചന
ലക്ഷ്യം ആറ്റുകാല്‍ പൊങ്കാല?
തിരുവനന്തപുരം|
WEBDUNIA|
PRO
തിരുവനന്തപുരത്ത് നാലിടങ്ങളില്‍ പൈപ്പ് പൊട്ടി. അട്ടിമറിയെന്ന് സൂചന. അടുത്ത 20 മണിക്കൂറുകളിലേക്കെങ്കിലും നഗരത്തിന്റെ പല ഭാഗത്തും കുടിവെള്ളം മുടങ്ങും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നു. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു.
അരുവിക്കര ഡാമില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പില്‍ കരകുളം മുതല്‍ വഴയില വരെയുള്ള ഭാഗങ്ങളിലാണ് പൊട്ടലുണ്ടായത്. ഈ സംഭവം അസ്വാഭാവികമാണെന്ന് വാട്ടര്‍ അതോറിറ്റിയും നഗരസഭാ മേയറും പറഞ്ഞു. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ടെന്നും ശക്തമായ അന്വേഷണം വേണമെന്നും പാലോട് രവി എം എല്‍ എ ആവശ്യപ്പെട്ടു.
ആറ്റുകാലിലേക്കുള്ള പൈപ്പ് ലൈനിന് തകരാറില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് വലിയ ടാങ്ക് നിറയെ വെള്ളം ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളവിതരണം തടസപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വെള്ളയമ്പലം, ഉള്ളൂര്‍, കേശവദാസപുരം, മെഡിക്കല്‍ കോളജ് പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് തടസമുണ്ടാകാന്‍ സാധ്യത. ഈ ഭാഗങ്ങളിലേക്ക് 50 ടാങ്കര്‍ ലോറികള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വേണ്ടിവന്നാല്‍ അതില്‍ കൂടുതല്‍ ടാങ്കര്‍ ലോറികളും സജ്ജമാക്കും. ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി വെള്ളയമ്പലത്ത് ഒരു കണ്ട്രോള് റൂം തുടങ്ങിയിട്ടുണ്ട്.
12 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ പൈപ്പുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ നാലംഗസമിതി അന്വേഷിക്കും.